മഴ കനത്തു; മണ്ണിടിച്ചിൽ ഭീതിയിൽ മുതുകല്ല് ലക്ഷംവീട് കോളനി
text_fieldsമൂവാറ്റുപുഴ: മഴ കനത്തതോടെ മണ്ണിടിച്ചിൽ ഭീതിയിൽ മുതുകല്ല് ലക്ഷംവീട് കോളനി. ചെങ്കുത്തായി കിടക്കുന്ന സർക്കാർ തരിശായ മുതുകല്ല് മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന പാറക്കൂട്ടങ്ങളും ഉരുളൻ കല്ലുകളും മഴ പെയ്യുമ്പോൾ ഇടക്കിടെ ഉണ്ടാകുന്ന മണ്ണിടിച്ചിലുമാണ് താഴ് ഭാഗത്ത് സ്ഥിതിചെയ്യുന്ന കോളനിക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.
ആരക്കുഴ പഞ്ചായത്തിൽ പെട്ട മുതുകല്ല് കോളനിയിൽ പതിനഞ്ചോളം കുടുംബങ്ങളാണ് താമസിക്കുന്നത്. കോളനിയുടെ മുകൾഭാഗത്തുള്ള സർക്കാർ പുറമ്പോക്ക് കാടുകയറി. ഇവിടെയാണ് അപകട ഭീഷണി ഉയർത്തുന്ന പാറകൾ. ഈ പാറക്കെട്ടുകൾക്ക് മുകളിലായാണ് ഒരു വർഷം മുൻപ് ജില്ലാ പഞ്ചായത്ത് 45 ലക്ഷം രൂപ മുടക്കി നിർമിച്ച കുടിവെള്ള പദ്ധതിയുടെ രണ്ട് ജലസംഭരണികളും.
ഓരോ മഴ പെയ്യുമ്പോഴും ആശങ്കയിലാണ് കോളനിവാസികൾ. ഇടക്കിടെ ഉണ്ടാകുന്ന മണ്ണിടിച്ചിൽ മഴപെയ്യുമ്പോൾ രൂക്ഷമായാൽ പാറകൾ നിലം പതിക്കുകയും ജലസംഭരണികൾ തകരുകയും ചെയ്യും. ഇത് വൻ ദുരന്തത്തിനു തന്നെ വഴിവെക്കും. ഒന്നര വർഷം മുൻപ് ഇതേ പഞ്ചായത്തിലെ ആറൂർ ലക്ഷം വീട് കോളനിക്ക് മുകളിലെ മലയിൽ നിന്ന് വൻ പാറക്കല്ലുകൾ ഉരുണ്ടു വീണിരുന്നു.
മരങ്ങളിൽ തട്ടി നിന്നത് മൂലം തലനാരിഴക്ക് അപകടം ഒഴിവായി. മുതുകല്ല് കോളനിയിൽ അതല്ല സ്ഥിതി. വീടുകൾക്ക് തൊട്ടുമുകളിലാണ് പാറക്കല്ലുകൾ. ആറൂരിൽ പ്രശ്നം ഉണ്ടായപ്പോൾ ഇവിടത്തെ പാറക്കല്ലുകൾ നീക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നും നടന്നില്ല. ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ടവർക്ക് പലതവണ കോളനിവാസികൾ പരാതി നൽകിയിരുന്നു.
ജലസംഭരണികൾക്കടക്കം ഭീഷണിയായ ഉരുളൻ പാറ കല്ലുകൾക്കും നേരെ താഴെയാണ് ചാവുഞ്ചിറ പുത്തൻപുരയിൽ ലീല രാജൻ, വാരികുന്നേൽ ഏലിക്കുട്ടി രാമു, മൂശാരിക്കരോട്ട് ലീല കുഞ്ഞപ്പൻ, മുടവുമറ്റത്തിൽ അയ്യപ്പൻ എന്നിവരുടെ വീടുകൾ. നിരവധി തവണ പാറകൾ പൊട്ടിച്ചു നീക്കാൻ പഞ്ചായത്തിൽ ഇവർ അപേക്ഷ നൽകിയെങ്കിലും തീരുമാനമായിട്ടില്ല.
പരാതിക്ക് കുറവില്ല, ഇല്ലാത്തത് നടപടി മാത്രം
മൂവാറ്റുപുഴ: അപകട ഭീക്ഷണിയുയർത്തി ഇടക്കിടെ നിലം പതിക്കുന്ന പാറക്കൂട്ടങ്ങൾ പൊട്ടിച്ചു നീക്കി സുരക്ഷിതമായി കിടന്നുറങ്ങാൻ വഴി ഒരുക്കണമെന്ന മുതുകല്ല് കോളനിവാസികളുടെ ആവശ്യത്തിന് ഒരു പതിറ്റാണ്ടിന്റെ പഴക്കം. പഞ്ചായത്തിലും വില്ലേജോഫിസിലും കലക്ടർക്കും അടക്കം നിരവധി പരാതികൾ അയച്ചിരുന്നു. പഞ്ചായത്താണ് പാറ നീക്കം ചെയ്യേണ്ടതന്ന് വില്ലേജ് അധികൃതർ.
അല്ല റവന്യൂ വകുപ്പാണെന്ന് പഞ്ചായത്ത്. പരാതിക്കാർ നടന്നു മടുത്തതല്ലാതെ പ്രശ്നത്തിന് ഇതുവരെ പരിഹാരമായില്ല. ഇതിനിടെ മാസങ്ങൾക്ക് മുമ്പ് നടന്ന താലൂക്ക് സഭയിലും വിഷയം എത്തി. ഉടൻ പ്രശ്നം പരിഹരിക്കാൻ നിർദേശവും നൽകി. എല്ലാ മഴക്കാലത്തും ഇവിടെ നിന്നു മാറി താമസിക്കാൻ മഞ്ഞള്ളൂർ വില്ലേജോഫിസിൽ നിന്നും നോട്ടിസ് നൽകുന്നതിന് മാത്രം കുറവില്ല.
മഴ ശക്തമായതോടെ കഴിഞ്ഞ ദിവസവും ഇവർക്ക് നോട്ടീസ് കിട്ടി. ഉടൻ മാറണമെന്നാണ് ആവശ്യം. എന്നാൽ നിർധനരായ ഇവർക്ക് എങ്ങോട്ടുപോകണം എന്നറിയില്ല. റവന്യൂ വ ൃകുപ്പിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും എന്നാൽ പാറപൊട്ടിച്ചു നീക്കാൻ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും പഞ്ചായത്തധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.