മുറിക്കല്ല് ബൈപാസ് സ്ഥലമേറ്റെടുപ്പ് 15ന് പൂർത്തിയാകും
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ സ്വപ്നപദ്ധതിയായ മുറിക്കല്ല് ബൈപാസ് നിർമാണത്തിനുള്ള ഭൂമി ഏറ്റെടുപ്പ് നടപടികൾ ജൂലൈ 15ഓടെ പൂർത്തിയാകും. ഈ മാസം തന്നെ റോഡ് നിർമാണത്തിനുള്ള ടെൻഡർ നടപടി പൂർത്തിയാക്കും.
ആഗസ്റ്റ് ആദ്യവാരം നിർമാണം തുടങ്ങാനാണ് കെ.ആർ.എഫ്.ഇ നീക്കം നടത്തുന്നത്. കടാതിയിൽനിന്ന് ആരംഭിച്ച് 130 കവലയിൽ എം.സി റോഡുമായി സന്ധിക്കുന്ന മൂന്ന് കിലോമീറ്റർ ബൈപാസിനായി 80 പേരിൽ നിന്ന് രണ്ട് ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിൽ 45 പേരിൽനിന്നായി ഒരു ഹെക്ടറിലധികം ഭൂമി ഏറ്റെടുത്ത് പണവും നൽകിക്കഴിഞ്ഞു.
ബാക്കിയുള്ള 35 പേരിൽനിന്ന് ഭൂമി ഏറ്റെടുക്കുന്ന നടപടിക്രമങ്ങളാണ് പൂർത്തീകരിച്ചുവരുന്നത്. ഇവർക്കുള്ള നഷ്ടപരിഹാരം നൽകിവരുകയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾക്കുമായി വർഷങ്ങൾക്കുമുമ്പെ പണം അനുവദിച്ചിരുെന്നങ്കിലും പല കാരണങ്ങളാൽ ഭൂമി ഏറ്റെടുക്കൽ വൈകുകയായിരുന്നു.
ഇക്കുറി നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ജൂലൈ 15ഓടെ ബൈപാസ് നിർമാണത്തിനുള്ള സ്ഥലം സർക്കാറിൽ നിക്ഷിപ്തമാക്കും. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയിൽ 2014ൽ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പദ്ധതിയിലെ മൂവാറ്റുപുഴ ആറിന് കുറുകെയുള്ള മുറിക്കല്ല് പാലം നിർമാണം പൂർത്തിയായിട്ട് ഒമ്പതുവർഷം പിന്നിട്ടു.
റോഡ് ബൈപാസ് നിർമാണം നീണ്ടുപോയതോടെ ഉയർന്ന പരാതിയിൽ ഭൂമി ഏറ്റെടുക്കൽ കഴിഞ്ഞ ഒക്ടോബറിൽ പൂർത്തിയാക്കുമെന്ന് റവന്യൂ, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ താലൂക്ക് ലീഗൽ സർവിസ് അതോറിറ്റിക്ക് ഉറപ്പുനൽകിയിരുന്നെങ്കിലും നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങിയതിനാൽ സാധിച്ചില്ല.
കഴിഞ്ഞ ഏപ്രിലിൽ കിഫ്ബി പ്രോജക്ട് മാനേജ്മെൻറ് കമ്മിറ്റിയിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നതിന് 57 കോടി രൂപ കെ.ആർ.എഫ്.ബിക്ക് കൈമാറിയിരുന്നു. ഭൂവുടമകൾക്ക് തുക കൈമാറി ഏറ്റെടുക്കൽ നടപടി വൈകിയതിനെത്തുടർന്നാണ് താലൂക്ക് ലീഗൽ സർവിസ് അതോറിറ്റിയിൽ പരാതി എത്തിയത്.
ബൈപാസ് നിർമാണത്തിന് 2015 മുതൽ 2022 വരെ നടത്തിയ മൂന്ന് സർവേകളുടെ റിപ്പോർട്ടുകൾ കാലഹരണപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി വീണ്ടും സർവേ നടത്തി കഴിഞ്ഞവർഷം പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മുറിക്കല്ല് ബൈപാസ് നിർമാണത്തിന് 59.97 കോടിയാണ് അനുവദിച്ചിരുന്നത്.
ഇതിൽനിന്ന് പാലം നിർമാണത്തിന് 14 കോടിയിലേറെ രൂപ ചെലവഴിക്കുകയും ചെയ്തു. എം.സി റോഡിലെ 130 കവലയില്നിന്ന് ആരംഭിച്ച് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കടാതി വരെയുള്ള മുറിക്കല്ല് ബൈപാസ് പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.