ഈ എയ്ഡ് പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുന്നു
text_fieldsമൂവാറ്റുപുഴ: ഗതാഗതക്കുരുക്കും സാമൂഹികവിരുദ്ധശല്യവും രൂക്ഷമായിട്ടും നഗരമധ്യത്തിലെ കച്ചേരിത്താഴത്ത് സ്ഥിതി ചെയ്യുന്ന പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം പുനരാരംഭിച്ചില്ല. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണങ്ങളെത്തുടർന്നാണ് അടച്ചത്. ഇതോടെ നഗരത്തിലെ പ്രധാന ബസ് സ്േറ്റാപ്പുകൾ അടക്കം പ്രവർത്തിക്കുന്ന ഇവിടെ സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി.
ഒരു എ.എസ്.ഐയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. രണ്ട് പൊലീസുകാരും ജീപ്പും ഇവിടെ സജീവമായിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കും അപകടങ്ങളും അടിപിടിയും ഒക്കെ ഉണ്ടാകുമ്പോൾ ആദ്യം എത്തിയിരുന്നത് ഇവിടെനിന്നുള്ള പൊലീസ് ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കച്ചേരിത്താഴം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപെട്ടിട്ടും പൊലീസ് ഉദ്യോഗസ്ഥർ ഇല്ലാതിരുന്നത് തിരിച്ചടിയായി. ആശ്രമം ബസ് സ്റ്റാൻഡിലെയും എയ്ഡ് പോസ്റ്റ് അടഞ്ഞുകിടക്കുകയാണ്. ഇവിടം ഇപ്പോൾ മദ്യപരുടെ വിഹാരകേന്ദ്രമാണ്. സ്ത്രീകളെവരെ മദ്യപർ ഉപദ്രവിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
പരാതിപ്പെട്ടതിനുശേഷം മാത്രമാണ് പൊലീസ് എത്തുന്നത്. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കഴിഞ്ഞ സർക്കാറിെൻറ കാലത്താണ് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. എന്നാൽ, ഇവിടെയും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ജനറൽ ആശുപത്രിയിലെ എയ്ഡ് പോസ്റ്റും വർഷങ്ങളായി പ്രവർത്തിക്കുന്നില്ല. നിയോഗിക്കാൻ ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥർ ഇല്ലെന്നാണ് കാരണമായി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.