രക്തം തളംകെട്ടി തൃക്കളത്തൂർ
text_fieldsമൂവാറ്റുപുഴ: തൃക്കളത്തൂർ മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന പ്രദേശമെന്ന ഖ്യാതി നേടിയ തൃക്കളത്തൂർ സൊസൈറ്റി പടി മുതൽ കാവുംപടി വരെയുള്ള അര കിലോമീറ്ററിൽ ഇതുവരെ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. തിങ്കളാഴ്ച പുലർച്ച കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൊടുപുഴ സ്വദേശികളായ മൂന്നു യുവാക്കളാണ് മരിച്ചത്.ആഴ്ചയിൽ നാലോ അഞ്ചോ അപകടങ്ങളാണ് നടക്കുന്നത്. അപകടങ്ങൾ പെരുകിയതിനെ തുടർന്ന് കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഉന്നതതല യോഗംതന്നെ ചേർന്ന് ഇതിനെതിരെ നിരവധി പരിഹാര മാർഗങ്ങൾ നിർദേശിച്ചിരുന്നു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടപ്പായില്ല.
പെരുമ്പാവൂർ മുതൽ-മൂവാറ്റുപുഴ വരെയുള്ള 20 കിലോമീറ്റർ ദൂരത്തിൽ എട്ട് ഇടങ്ങൾ വിദഗ്ധ സംഘത്തിെൻറ പരിശോധനയിൽ അപകട മേഖലകളായി കണ്ടെത്തിയിരുന്നു. ഇതിൽ ഏറ്റവും വലിയ അപകട മേഖലയായി കണ്ടത്തിയത് തൃക്കളത്തൂരായിരുന്നു. ഇവിടങ്ങളിൽ അപകടങ്ങൾ കുറയ്ക്കാൻ നിരവധി പരിഹാര മാർഗങ്ങളും നിർദേശിച്ചിരുന്നു.
മുന്നറിയിപ്പ്, വേഗം കുറക്കുന്നതിന് സ്പീഡ് ബ്രേക്കർ അടക്കം സംവിധാനം തുടങ്ങിയ നിർദേശങ്ങൾ വിദഗ്‌ധ സമിതി മുന്നോട്ടുവെെച്ചങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല.
വീടുകൾ അനാഥമായി; കണ്ണീർ തോരാതെ പുറപ്പുഴ
തൊടുപുഴ: സഹോദരങ്ങളടക്കം മൂന്ന് യുവാക്കളുടെ അപകട മരണം പുറപ്പുഴ ഗ്രാമത്തിന് തോരാത്ത കണ്ണീരായി. മൂവാറ്റുപുഴ തൃക്കളത്തൂരിൽ അപകടത്തിൽ മരിച്ച യുവാക്കൾക്ക് അന്തിമോപചാരമർപ്പിക്കാൻ കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും നൂറുകണക്കിനാളുകൾ ഒഴുകിയെത്തി.
തൊടുപുഴ പുറപ്പുഴ സ്വദേശികളായ മുക്കിലകാട്ടിൽ രാജേന്ദ്രെൻറ മകൻ ആദിത്യൻ (23), കുന്നേൽ ബാബുവിെൻറ മകൻ വിഷ്ണു (24), സഹോദരൻ അരുൺ ബാബു (22) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ച നാലോടെ എം.സി റോഡിൽ മൂവാറ്റുപുഴ തൃക്കളത്തൂർ കാവുംപടിക്ക് സമീപമായിരുന്നു അപകടം. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ചത്. മൃതദേഹങ്ങൾ അവരവരുടെ വീട്ടുപറമ്പിൽ സംസ്കരിച്ചു. സഹോദരങ്ങളായ അരുൺ, വിഷ്ണു എന്നിവരുടെ വീട്ടിൽനിന്ന് ഒന്നരകിലോമീറ്റർ അകെലയാണ് മരിച്ച ആദിത്യെൻറ വീട്. വിഷ്ണുവിെൻറയും അരുണിെൻറയും മാതൃസഹോദരിയുടെ മകനാണ് ആദിത്യൻ. വൈകീട്ട് ഏഴ് മണിക്കാണ് സംസ്കാരം പറഞ്ഞിരുന്നതെങ്കിലും ഉച്ചയോടെ തന്നെ യുവാക്കളുടെ വീടുകളിലേക്ക് ആളുകൾ എത്തിക്കൊണ്ടിരുന്നു.
മരിച്ച യുവാക്കളുടെ സുഹൃത്തുക്കളും സഹപാഠികളും വീടിന് സമീപത്തെ പറമ്പിലും തൊടികളിലുമായി തേങ്ങലടിക്കുന്നത് നാടിെൻറ നൊമ്പരകാഴ്ചയായി. വിഷ്ണുവിെൻറയും അരുണിെൻറയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ പിതാവ് ബാബുവിനെയും മാതാവ് രജിനിയെയും കണ്ടുനിന്നവർക്ക് ആശ്വസിപ്പിക്കാനായില്ല. കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ആദിത്യെൻറ സഹോദരൻ അമർനാഥ് (20) ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.