കുരുങ്ങി പായിപ്ര കവല; അനങ്ങാതെ അധികൃതർ
text_fieldsമൂവാറ്റുപുഴ: അനധികൃത പാർക്കിങ്ങും ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കാത്തതുംമൂലം മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡിലെ പായിപ്ര കവലയിൽ ഗതാഗതക്കുരുക്ക്. അഞ്ചുവർഷം മുമ്പ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ചേർന്ന ഗതാഗത ഉപദേശക സമിതി പരിഷ്കാരങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ഏറെ എതിർപ്പുകൾ മുന്നിൽകണ്ട് തീരുമാനമെടുത്തെങ്കിലും എതിർപ്പുകൾക്ക് മുന്നിൽ മുട്ടുമടക്കി. പിന്നീട് പലതവണ യോഗം ചേർന്നെങ്കിലും നടപ്പായില്ല.
അനധികൃത പാർക്കിങ് തടയുന്നതിനു പുറമെ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കാനും പായിപ്ര റോഡിൽനിന്നും എം.സി റോഡിലേക്ക് വരുന്ന ബസുകൾ ഒഴികെയുള്ള ഭാരവണ്ടികൾ ബാസ്പ് റോഡ് വഴി എം.സി റോഡിലെത്തി പോകാനും തീരുമാനമെടുത്തിരുന്നു.
അപകട മേഖലയായ സബയ്ൻ ആശുപത്രിപ്പടി അടക്കമുള്ള ഭാഗങ്ങളിൽ ഓവർ ടേക്കിങ് ഒഴിവാക്കാൻ ട്രാഫിക് കോൺ സ്ഥാപിക്കാനും ഇവിടത്തെ ബസ് സ്റ്റോപ്പുകൾ നിലവിലുള്ള സ്ഥലങ്ങളിൽനിന്ന് മാറ്റിസ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. എസ് വളവ്, പള്ളിച്ചിറങ്ങര, തൃക്കളത്തൂർ, പേഴക്കാപ്പിള്ളി പള്ളിപ്പടി തുടങ്ങിയ എം.സി റോഡ് ഭാഗങ്ങളിലും പരിഷ്കാരത്തിന്റെ ഭാഗമായി ട്രാഫിക് സിഗ്നലുകളും വേഗ നിയന്ത്രണ സംവിധാനവും ഒരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഒന്നും നടപ്പായില്ലന്നു മാത്രമല്ല അപകടങ്ങളും കുരുക്കും പഴയതിനേക്കാൾ രൂക്ഷമാകുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ വൻ കുരുക്കാണ് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.