മുഖം മിനുക്കാൻ വളക്കുഴി ഡംപിങ് യാർഡ്
text_fieldsമൂവാറ്റുപുഴ: അഞ്ചര പതിറ്റാണ്ടായി നഗരത്തിന്റെ മാലിന്യംഏറ്റുവാങ്ങുന്ന വളക്കുഴി ഡംപിങ് യാർഡിന് പുതിയ മുഖം നൽകാൻ ഒരുങ്ങി നഗരസഭ. ഏപ്രില്‍ ആദ്യ വാരത്തോടെ ബയോ മൈനിങ് ആരംഭിക്കും. കേരള ഖര മലിന്യ പരിപാലന പദ്ധതി പ്രകാരം ബയോ മൈനിങ്ങിനായി 10.82 കോടി രൂപ അനുവദിച്ചു. നാഗ്പൂർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.എം.എസ്. ലിമിറ്റഡുമായി ഇതു സംബന്ധിച്ച കരാര്‍ ഒപ്പിട്ടു.
നാലര ഏക്കര്‍ വരുന്ന വളക്കുഴി ഡംബിങ് യാര്‍ഡ് 1965 മുതലാണ് നഗരസഭ മാലിന്യം നിക്ഷേപിച്ചു തുടങ്ങിയത്. 57 വര്‍ഷം പിന്നിടുമ്പോള്‍ ഇവിടെ വന്‍ മാലിന്യ ശേഖരമാണുളളത്. വേനല്‍ ആരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന അഗ്നിബാധ ആഴ്ചകളോളം നീണ്ട് നില്ക്കുന്ന സ്ഥിതി ഉണ്ടാകാറുണ്ട്. മാലിന്യം കത്തുന്നതോടെ ഉണ്ടാകുന്ന വിഷ പുക പരിസര വാസികളുടെ ആരോഗ്യത്തെയും ബാധിച്ചിരുന്നു.
മഴ ആരംഭിക്കുന്നതോടെ ഈച്ച, കൊതുക് ശല്യം വര്‍ധിക്കുകയും അസഹനീയമായ ദുര്‍ഗന്ധം വമിക്കുകയും ചെയ്യും. വളക്കുഴിക്ക് സമീപത്തായി താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ഇത് ദുരിതം വിതച്ചിരുന്നു. ബയോ മൈനിങ്ങിലൂടെ പതിറ്റാണ്ടുകളായി നിക്ഷേപിച്ച് വന്ന മാലിന്യം നീക്കം ചെയ്യുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
ജനജീവിതത്തെ ബാധിക്കാതിരിക്കാൻ മുൻകരുതൽ
പദ്ധതി നടപ്പാക്കുന്ന സമയത്ത് വിപുലമായ മുൻകരുതലുകൾ സ്വീകരിക്കും. പൊടി കുറക്കുന്നതിന് ആവശ്യമായ വെള്ളം പമ്പ് ചെയ്യും. യാര്‍ഡ് ഗ്രീൻ നെറ്റ് ഉപയോഗിച്ച് മറയ്ക്കും.
ദുർഗന്ധം ഒഴിവാക്കുന്നതിന് ഡി-ഓഡറൈസർ ഉപയോഗിക്കും. ഗതാഗത സൗകര്യങ്ങൾ തടസ്സപ്പെടാതിരിക്കാൻ മാർഗങ്ങൾ സ്വീകരിക്കും. കൃത്യമായ ഇടവേളകളിൽ പാരിസ്ഥിതിക നിരീക്ഷണവും ഉണ്ടാകും. മൈനിങ് പൂര്‍ത്തിയാകുന്നതോടെ മാലിന്യങ്ങൾ നിക്ഷേപിച്ച 4.5 ഏക്കർ പൂർണമായി വീണ്ടെടുക്കാനാകും. പൊതു ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിലേക്ക് സ്ഥലത്തെ മാറ്റിയെടുക്കാൻ സാധിക്കും. മലിനീകരണവും ദുർഗന്ധവും അവസാനിക്കും.
സമീപ വാസികളുടെ പിന്തുണ ഉറപ്പ് വരുത്തുന്നതിന് ബുധനാഴ്ച വൈകിട്ട് മൂന്നിന് നഗരസഭ 24, 25 വാര്‍ഡുകളിലെ പ്രത്യേക വാര്‍ഡ് സഭ യോഗം കുര്യന്മല കമ്മ്യൂണിറ്റി ഹാളില്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ടെന്ന് ചെയര്മാന് പി.പി.എൽദോസ് പറഞ്ഞു.
മാലിന്യം നീക്കുന്നത് യന്ത്ര സഹായത്തോടെ
മാലിന്യങ്ങൾ യന്ത്രസഹായത്തോടെ കുഴിച്ചെടുത്ത് തരംതിരിച്ച് സ്ഥലത്ത് നിന്നും സുരക്ഷിതമായി നീക്കം ചെയ്ത് മലിനമായ ഭൂമിയെ വീണ്ടെടുക്കുന്നതാണ് പ്രക്രിയ. കുഴിച്ചെടുക്കുന്നവയില് ജൈവ മാലിന്യങ്ങള്‍ വിന്‍ഡ്രോ, ലാര്‍വ കമ്പോസ്റ്റിങ് വഴി ജൈവ വളമാക്കി വിതരണം ചെയ്യും. അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് ഏജന്‍സിക്ക് കൈമാറും.
ശേഷിക്കുന്ന മണ്ണ് മാത്രം യാര്‍ഡില്‍ നിക്ഷേപിക്കും. ഈ പ്രക്രിയ പൂര്‍ത്തിയാല്‍ നഗരത്തില്‍നിന്ന് ശേഖരിച്ച് ഇവിടെ എത്തിക്കുന്ന മാലിന്യം തരം തിരിച്ച് അന്ന് തന്നെ സംസ്കരിക്കും. ബയോ മൈനിങിന് ശേഷം വളക്കുഴിയില്‍ മാലിന്യ നിക്ഷേപം ഉണ്ടാകില്ല. നിലവിലുള്ള മാലിന്യത്തിന്റെ അളവ് കണക്കാക്കിയിട്ടുണ്ട്. ഭൂമിക്കു മുകളിൽ 31995 ക്യുബിക് മീറ്ററും താഴെ 55905 ക്യുബിക് മീറ്ററും മാലിന്യമാണ് നിലവില്‍ വളക്കുഴിയില്‍ നിക്ഷേപിച്ചിട്ടുളളത്. ഇത് ഏകദേശം 44589.18 മെട്രിക് ടണ്‍ വരും. മൂന്ന് മുതല്‍ ആറ് മാസം കൊണ്ട് ബയോ മൈനിങ് പുര്ത്തിയാക്കുന്നതിനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.