പച്ചക്കറികൾക്ക് തീവില; 130 കടന്ന് തക്കാളി
text_fieldsമൂവാറ്റുപുഴ: ഒറ്റ ദിവസംകൊണ്ട് ഇരട്ടി വിലയുയർന്ന തക്കാളിക്ക് സെഞ്ച്വറി അടിച്ചു.130 രൂപ. ശനിയാഴ്ച 65 രൂപയായിരുന്നു തക്കാളി വില. ഇതാണ് 130 രൂപയിലെത്തിയത്. ഇത് ഹോൾസെയിൽ വിലയാണ്. ചില്ലറവില 150ൽ എത്തി.
കഴിഞ്ഞ ഒരു മാസം മുമ്പ് 10 രൂപക്ക് ലഭിച്ച തക്കാളിക്കാണ് തീവിലയായിരിക്കുന്നത്. വില ഉയർന്നതോടെ വിഭവങ്ങളിൽനിന്ന് തക്കാളി പുറത്തായി. പയർ വില കഴിഞ്ഞ ദിവസങ്ങളെക്കാൾ കുറഞ്ഞിട്ടുണ്ട്. ഇത് ഒഴിച്ച് മറ്റു പച്ചക്കറികൾക്കും തീവിലയാണ്. പച്ചമുളക് വില മൊത്ത വിപണിയിൽ 140ൽ എത്തി.
ഈ ആഴ്ച അവസാനത്തോടെ മുളകുവില 200ൽ എത്തുമെന്ന് വ്യാപാരികൾ പറഞ്ഞു. വെളുത്തുള്ളി വിലയും130 ൽ എത്തി. ഭൂരിഭാഗം പച്ചക്കറികള്‍ക്കും വില ഇരട്ടിയായി ഉയർന്നതോടെ സാധാരണക്കാരന്റെ കീശകീറുന്ന അവസ്ഥയാണ്.
200 കടന്നിരിക്കുകയാണ് ഇഞ്ചിക്ക്. വിളവു കുറഞ്ഞതും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ലോഡ് വരവ് കുറഞ്ഞതുമാണ് നിലവിലെ വിലവർധനക്ക് കാരണം. സാധാരണ വരുന്നതിന്റെ പകുതി ലോഡ് മാത്രമാണ് ഇപ്പോൾ കേരളത്തിലേക്കു വരുന്നത്. സാധാരണ ദിവസങ്ങളിൽ 85 ലോറികളിലായി 850 ടൺ തക്കാളിയാണു ദിവസേന കേരളത്തിൽ എത്താറുള്ളത് ഇപ്പോൾ 30-35 ലോറികൾ മാത്രമാണു വരുന്നത്. പഴം വിപണിയിലും വൻ വില വർധനയാണ് ഉള്ളത്. ഏത്തപ്പഴത്തിനും ഞാലിപ്പൂവനും 65 രൂപ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.