റോഡിൽ ശൗചാലയമാലിന്യം തള്ളിയ വാഹനം പിടികൂടി
text_fieldsമൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ ചങ്ങാലിമറ്റം റോഡിൽ ശൗചാലയ മാലിന്യം തള്ളിയ വാഹനം മൂവാറ്റുപുഴ പൊലീസ് പിടികൂടി. കഴിഞ്ഞ രണ്ടുമാസത്തിനിടെ എം.സി റോഡ് കടന്നുപോകുന്ന പഞ്ചായത്തിലെ ഉന്നക്കുപ്പ, മാറാടി പ്രദേശങ്ങളിൽ എട്ടിടത്താണ് ശൗചാലയമാലിന്യം തള്ളിയത്.
പരാതികൾ നൽകിയിട്ടും പരിഹാരം ഉണ്ടാകാതെ വന്നതോടെ നാട്ടുകാർ രംഗത്തിറങ്ങി കാവലിരിക്കുകയായിരുന്നു. പലതവണ കാവൽ ഇരുന്നെങ്കിലും വാഹനം പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ചൊവ്വാഴ്ച പുലർച്ച 12.30ഓടെയാണ് മാറാടി കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ-ചങ്ങാലിമറ്റം റോഡിൽ മാലിന്യം തള്ളാൻ വാഹനമെത്തിയത് ശ്രദ്ധയിൽപെട്ട നാട്ടുകാരൻ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയെത്തുടർന്ന് ബുധനാഴ്ച വാഹനം പൊലീസ് പിടികൂടുകയായിരുന്നു.
ആലപ്പുഴ സ്വദേശിയുടേതാണ് വാഹനം. വാഹനത്തിലെ ജീവനക്കാരനെയും ഉടമയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാറാടി ഗ്രാമപഞ്ചായത്തിലെ എം.സി റോഡ് ഉന്നക്കുപ്പഭാഗത്ത് രാത്രി സ്ഥിരമായി ശൗചാലയ മാലിന്യം നിക്ഷേപിക്കുന്നത് പതിവാണ്.
മാലിന്യം തള്ളൽ പതിവായതോടെ പഞ്ചായത്ത് ഇരുപതോളം നിരീക്ഷണ കാമറകളാണ് സ്ഥാപിച്ചുവരുന്നത്. കാമറയിൽനിന്നുള്ള ദൃശ്യങ്ങൾ പഞ്ചായത്ത് ഓഫിസിലും പൊലീസ് സ്റ്റേഷനിലും ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.