മൂവാറ്റുപുഴ മേഖലയിൽ വൈറൽ പനി പടരുന്നു; തിങ്കളാഴ്ച മാത്രം ചികിത്സതേടിയത് 300 പേർ
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയിൽ വൈറൽ പനി പടരുന്നു. തിങ്കളാഴ്ച മാത്രം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സക്കെത്തിയത് മുന്നൂറോളം പേരാണ്. സ്വകാര്യ ആശുപത്രികളിലും സ്ഥിതി ഇതുതന്നെയാണ്. ആശുപത്രിയിലെ പനി വാർഡുകൾ നിറഞ്ഞു.
മൂവാറ്റുപുഴ നഗരസഭക്ക് പുറമെ പായിപ്ര, വാളകം, ആവോലി, ആയവന, മഞ്ഞള്ളൂർ, കല്ലൂർക്കാട് തുടങ്ങിയ പഞ്ചായത്തുകളിൽനിന്നെല്ലാം നിരവധി പേർ പനി ബാധിച്ച് ചികിത്സക്കെത്തി. നൂറുകണക്കിന് ആളുകൾ ചികിത്സക്കെത്തുന്ന ആശുപത്രിയിൽ രോഗികളുടെ എണ്ണം വർധിക്കുമ്പോഴും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ ഒ.പിയിൽ രോഗികൾ മണിക്കൂറുകൾ വരി നിൽക്കേണ്ട സ്ഥിതിയാണ്.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ജനറൽ ആശുപത്രിയിലെ ഡോക്ടർമാരിൽ പകുതിയിലേറെപേരെ വിവിധ കേന്ദ്രങ്ങളിലേക്ക് പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുകയാണ്.
അതിനാൽ ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്‍ടർമാരില്ല. ഇതുമൂലം രോഗികൾ മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തിരിക്കേണ്ടിവരുകയാണ്. സ്വകാര്യ ആശുപത്രികളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
സ്ഥലപരിമിതി മൂലം സ്വകാര്യ ആശുപത്രികളിൽ രോഗം ഭേദമാകാതെതന്നെ രോഗികളെ ഡിസ്ചാർജ് ചെയ്യുന്ന സാഹചര്യവുമുണ്ട്. വാഴപ്പിള്ളി ചാരീസ് ആശുപത്രി, സെൻറ് ജോർജ് ആശുപത്രി, നിർമല മെഡിക്കൽ സെൻറർ എന്നിവിടങ്ങളിലും വലിയ തോതിൽ പനിബാധിതരെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.