കടന്നൽ ആക്രമണം; പത്ത് പേർക്ക് കുത്തേറ്റു
text_fieldsമൂവാറ്റുപുഴ: ചാലിക്കടവ് പാലത്തിൽ കടന്നൽ ആക്രമണത്തിൽ കാൽനടക്കാരായ വിദ്യാർഥികൾ അടക്കം പത്തോളം പേർക്ക് കുത്തേറ്റു. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ഫുട്ബാൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ച് വിദ്യാർഥികളെയാണ് കടന്നൽ ആദ്യം ആക്രമിച്ചത്. തുടർന്ന് പാലത്തിലൂടെ ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന കുടുംബത്തിനും കടന്നലിന്റ ആക്രമണത്തിൽ പരിക്കേറ്റു.
കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂവാറ്റുപുഴ സ്വദേശികളായ അസ്ലം, റിസ്വാൻ, അമീൻ, അഫ്നാൻ, തമീം എന്നീ വിദ്യാർഥികൾക്കും സ്കൂട്ടർ യാത്രക്കാരായ എൽദോ, ബ്ലസി എന്നിവർക്കുമാണ് കടന്നൽ ആക്രമണത്തിൽ പരിക്കേറ്റത്. പാലത്തിലൂടെ നടന്നു വരുകയായിരുന്ന വിദ്യാർഥികൾ കടന്നൽക്കൂട്ടത്തിന്റ കുത്തേറ്റതോടെ അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ അഭയംതേടുകയായിരുന്നു. മുഖത്തും കഴുത്തിലും അടക്കം കുത്തേറ്റ ഇവരെ നാട്ടുകാർ എം.സി.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ എത്തിയ സ്കൂട്ടർ യാത്രക്കാരെയും കടന്നൽ ആക്രമിച്ചു. തലക്കും മുഖത്തും കുത്തേറ്റതോടെ ഇവർ സ്കൂട്ടർ നിർത്തി ഓടി രക്ഷപ്പെട്ടു. ഇവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ എത്തിയ പലർക്കും കുത്തേറ്റു.
ആയിരക്കണക്കിന് വാഹനങ്ങളും കാൽനടക്കാരും സഞ്ചരിക്കുന്ന ചാലിക്കടവ് പാലത്തിനടിയിലാണ് വലിയ കടന്നൽക്കൂട്. പക്ഷികളോ മറ്റോ കൂട് ആക്രമിച്ചതാണ് കടന്നൽക്കൂട് ഇളകി അക്രമാസക്തമാകാൻ കാരണമായത്. ജനവാസകേന്ദ്രത്തിന് സമീപത്തെ ചാലിക്കടവ് പാലത്തിനടിയിലെ കടന്നൽക്കൂട് നീക്കം ചെയ്തില്ലെങ്കിൽ ഇനിയും പ്രശ്നമുണ്ടാകുമെന്ന ഭീതിയുയർന്നിട്ടുണ്ട്. സംഭവമറിഞ്ഞ് എത്തിയ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ അജി മുണ്ടാട്ട്, കൂട് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് അധികൃതർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.