വളക്കുഴി മാലിന്യ സംസ്കരണം; ബയോ മൈനിങ് വിലയിരുത്തി
text_fieldsമൂവാറ്റുപുഴ: നഗരസഭയുടെ കീഴിലെ വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ബയോ മൈനിങ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥ സംഘം എത്തി. ഡിസംബർ 30ന് ആരംഭിച്ച ബയോ മൈനിങ്ങാണ് കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഉദ്യോഗസ്ഥർ വിലയിരുത്തിയത്. മൈനിങ് പൂർത്തിയാക്കാൻ ആറുമാസം ഉണ്ടെങ്കിലും നാലുമാസം കൊണ്ട് പൂർത്തിയാക്കി ഭൂമി വീണ്ടെടുക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സംഘം മടങ്ങിയത്.
പൂർണ തോതിൽ പ്രവർത്തനങ്ങൾ എത്തിയിട്ടില്ലെങ്കിലും പ്രാരംഭ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാം, കെ.എസ്.ഡബ്ല്യു.എം.പി ഉദ്യോഗസ്ഥരായ അരുൺ ബാലൻ, ആദി രാജു, അച്ചു ശേഖർ, ഇ.എം. സ്വാലിഹ, അജിത് കുമാർ നയൻ, അപർണ ഗിരീഷ്, ശ്യാം ദേവദാസ് എന്നിവരാണ് പരിശോധനകൾക്കായി എത്തിയത്.
ആറ് പതിറ്റാണ്ടുമുമ്പ് മാലിന്യ സംസ്കരണത്തിന് നഗരസഭ ആരംഭിച്ച വളക്കുഴി കേന്ദ്രം ജനങ്ങൾക്ക് ആകെ ദുരിതമായി മാറിയതോടെയാണ് ബയോ മൈനിങ് നടത്താൻ തീരുമാനിച്ചത്. 10 കോടിയോളം രൂപ ചെലവഴിച്ചാണ് വളക്കുഴിയിൽ ബയോ മൈനിങ് ആരംഭിച്ചത്. നാഗ്പൂരിൽ നിന്നുള്ള ഏജൻസിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. നാല് ഏക്കറോളം വ്യാപിച്ച മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഭൂനിരപ്പിന് മുകളിൽ 31,995 ക്യുബിക് മീറ്ററും താഴെ 55,905 ക്യുബിക് മീറ്ററും മാലിന്യം ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത് ഏകദേശം 44589.18 മെട്രിക് ടൺ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.