വാട്ടർ അതോറിറ്റിയുടെ അതിഥി മന്ദിരം കാടുകയറി നശിക്കുന്നു
text_fieldsമൂവാറ്റുപുഴ: നഗരത്തിലെ കോർമലകുന്നിൽ സ്ഥിതിചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ അതിഥി മന്ദിരം കാടുകയറി നശിക്കുന്നു. ഒമ്പതുവർഷം മുമ്പ് കോർമലകുന്ന് ഇടിഞ്ഞതിനെ തുടർന്നാണ് അതിഥി മന്ദിരം പൂട്ടിയത്. നഗരമധ്യത്തിലെ വെള്ളൂർക്കുന്നം എൻ.എസ്.എസ് സ്കൂളിനു സമീപമാണ് ജലസംഭരണിയും ഇതിനു കീഴെ അഥിതി മന്ദിരവും സ്ഥിതി ചെയ്യുന്നത്. കുന്ന് ഇടിഞ്ഞതിനെ തുടർന്ന് ജലസംഭരണിയുടെ പ്രവർത്തനം ഭാഗികമാക്കിയിരുന്നു. പൂർണ തോതിൽ വെള്ളം നിറച്ചാൽ സംഭരണി അപകടാവസ്ഥയിലാകുമെന്ന പ്രചാരണത്തെ തുടർന്നാണ് കടാതി, കാവുങ്കര, പെരുമറ്റം മേഖലകളിലേക്കടക്കം വെള്ളമെത്തിക്കുന്ന സംഭരണിയിൽ അളവ് കുറച്ചത്.
സംഭരണി അപകടാവസ്ഥയിലാണെന്ന പ്രാരണം ഉയർന്നതോടെ അതിഥി മന്ദിരത്തിലേക്കും ആരും വരാതായി. ആരും തിരിഞ്ഞുനോക്കാതായതോടെ ജലസംഭരണിയിലുണ്ടായ ചോർച്ച ഗെസ്റ്റ് ഹൗസിന്റെ മേൽക്കൂരയിലും ചോർച്ച സൃഷ്ടിക്കുകയാണ്. ബംഗ്ലാവിലെ പല മുറികളിലും ലൈറ്റുകളില്ല. പരിസരമാകെ കാടുമൂടി കിടക്കുകയാണ്. പലവട്ടം ഇത് അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ല. എട്ടുവർഷം അറ്റകുറ്റപ്പണിക്ക് എസ്റ്റിമേറ്റ് തയാറാക്കി നൽകി 30 ലക്ഷം രൂപ നവീകരണത്തിന് അനുവദിച്ചെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല.
നഗരത്തിലെ പൊതുമരാമത്ത് അതിഥി മന്ദിരം പുനർ നിർമിക്കാൻ അടച്ചിട്ടിരിക്കുന്നതിനാൽ നിലവിൽ സർക്കാർ അതിഥിമന്ദിരങ്ങൾ ഒന്നും ഇല്ലാത്ത അവസ്ഥയാണ്. ഏറെ സൗകര്യമുള്ളതായിരുന്നു വെള്ളൂർക്കുന്നത്തെ അതിഥി മന്ദിരം. 1998ലാണ് ഇത് നിർമിച്ചത്.
ഇത് അറ്റകുറ്റപ്പണി നടത്തി തുറന്നു കൊടുക്കണമെന്ന നിർദേശം ഉയരുന്നുണ്ടെങ്കിലും തുടർ നടപടി ഉണ്ടായില്ല. പുതിയ സാഹചര്യത്തിൽ ഐ.ബി അറ്റകുറ്റ പ്പണി നടത്തി വേനൽക്കാലത്ത് എങ്കിലും തുറന്നുകൊടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. നിലവിൽ ഒരു വാച്ചർ ഇവിടെ താമസിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.