ഈ കല്യാണസദ്യക്കൊരു പ്രത്യേക രുചിയാണ്
text_fieldsമൂവാറ്റുപുഴ: പായിപ്ര ഇടശ്ശേരിക്കുടി കരുണാകരൻ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. മകന്റെ കല്യാണ ചടങ്ങിന്റെ ആദ്യപന്തിയിൽതന്നെ 200 അയൽവാസികളും ഒരുമിച്ചിരുന്നു. വീട്ടുകാരൻതന്നെ മുന്നിൽനിന്ന് സ്നേഹത്തോടെ കല്യാണസദ്യ വിളമ്പിയപ്പോൾ കഴിച്ചവർക്കും കണ്ടുനിന്നവർക്കുമെല്ലാം വയറും മനസ്സും നിറഞ്ഞു.
പായിപ്ര സെൻട്രൽ ജുമാമസ്ജിദിന്റെയും മുനവ്വിറുൽ ഇസ്ലാം മദ്റസയുടെയും അയൽവാസിയായ കരുണാകരന്റെ മകൻ മനോജിന്റെയും ഞാറക്കാട് സ്വദേശിനി അനിതയുടെയും വിവാഹം ഞായറാഴ്ചയായിരുന്നു. വിവാഹത്തിന് മദ്റസയിൽനിന്ന് ക്ലാസ് കഴിഞ്ഞെത്തിയ 200ഓളം വിദ്യാർഥികളെ കരുണാകരൻ ആദ്യപന്തിയിൽതന്നെ ഭക്ഷണത്തിന് ഇരുത്തുകയായിരുന്നു. വിദ്യാർഥികൾ മഹല്ല് പ്രസിഡന്റ് എം.എ. മുഹമ്മദ്, സെക്രട്ടറി പി.വി. ഹസൻ, മദ്റസ സെക്രട്ടറി ഇ.പി. അബൂബക്കർ, ഇമാം സിദ്ദീഖ് റഹ്മാനി, അധ്യാപകൻ അൻഷാദ് ബാഖവി എന്നിവർക്കൊപ്പമാണ് സമീപത്തെ ഹാളിലേക്ക് എത്തിയത്. വിദ്യാർഥികളെ സ്വീകരിക്കാൻ തിരക്കുകൾക്കിടയിലും കരുണാകരൻ കാത്തുനിന്നു. വിഭവസമൃദ്ധമായ സദ്യവിളമ്പിയും ഊട്ടിയും കുട്ടികളെ സന്തോഷിപ്പിച്ചു.
രണ്ട് വർഷം മുമ്പ് മകൾ മഞ്ജുഷയുടെ വിവാഹത്തിനും വിദ്യാർഥികൾക്ക് ഇദ്ദേഹം സദ്യ ഒരുക്കിയിരുന്നു. വീട്ടിലെ വിശേഷങ്ങൾക്കെല്ലാം തൊട്ടടുത്തുള്ള മദ്റസ വിദ്യാർഥികൾക്ക് ഭക്ഷണം നൽകുക കരുണാകരന്റെയും ഭാര്യ ഷൈലയുടെയും പതിവാണ്. പായിപ്ര സെൻട്രൽ ജുമാമസ്ജിദിൽ എത്തി ഇമാമിനെക്കൊണ്ട് പ്രാർഥിപ്പിക്കാറുമുണ്ട്. ജുമാമസ്ജിദിനു സമീപം താമസിക്കുന്ന കരുണാകരൻ ചെറുവട്ടൂരിൽ കാർപെന്റർ വർക്ക്ഷോപ് നടത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.