മരം വീണ് ഗതാഗതം സ്തംഭിച്ചു; നാശം വിതച്ച് കാറ്റ്
text_fieldsമൂവാറ്റുപുഴ: ബുധനാഴ്ച പുലർച്ച പെയ്ത കനത്ത മഴക്കൊപ്പം എത്തിയ കാറ്റ് മേഖലയിൽ നാശം വിതച്ചു. മരം വീണ് രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരങ്ങൾ മറിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ തകർന്നു. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന വെള്ളൂർക്കുന്നം ക്ഷേത്രത്തിന്റെ താൽക്കാലിക മേൽക്കൂര നിലംപൊത്തി. മരം വീണ് ഗതാഗതം സ്തംഭിച്ചു.
ബുധനാഴ്ച രാവിലെ വീശിയടിച്ച കനത്ത കാറ്റിലും മഴയിലുമാണ് വ്യാപക നാശം ഉണ്ടായത്. ക്ഷേത്രത്തിൽ 6000 ചതുരശ്രഅടിയിൽ ഇരുമ്പുപൈപ്പുകളും ഓലകളും ഉപയോഗിച്ചാണ് മേൽക്കൂര നിർമിച്ചിരുന്നത്. കാറ്റിൽ ഇത് പൂർണമായി തകർന്നുവീണു. നഗരസഭ 11ാം വാർഡിൽ കിഴക്കേക്കര മണിയംകുളം ഭാഗത്ത് തേക്ക് മരം കാറ്റിൽ നിലംപൊത്തി. ഇലക്ട്രിക് ലൈനിനുമുകളിലേക്കാണ് 30 ഇഞ്ച് വണ്ണമുള്ള മരം വീണത്. വൈദ്യുതി കമ്പികൾ പൊട്ടി വീണതോടെ വൈദ്യുതി ബന്ധം തകരാറിലായി. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു.
ഇതേസമയത്തുതന്നെ നഗരത്തിലെ കാവുംപടി റോഡിൽ മരം റോഡിൽ വീണു. പൊലീസ് സ്റ്റേഷനുസമീപത്തെ മരമാണ് മറിഞ്ഞുവീണത്. ഇതോടെ ഇവിടെയും ഗതാഗതം തടസ്സപ്പെട്ടു. രണ്ടിടത്തും അഗ്നിരക്ഷസേനയെത്തി മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ശക്തമായ കാറ്റിൽ മഞ്ഞള്ളൂർ വില്ലേജിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ പറ്റി. സീനിയർ ഫയർ ഓഫിസർ ഷംസുദ്ദീൻ, ഫയർ ഓഫിസർ നിബിൻ ബോസ്, കെ.കെ. രാജു, നിഖിൽ രാജ്, ജിത്തു, ടോമി പോൾ, ഷിറാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ചുനീക്കിയത്.
വ്യാപക കൃഷിനാശം
കോതമംഗലം: ബുധനാഴ്ച രാവിലെയുണ്ടായ കാറ്റ് കീരമ്പാറ പഞ്ചായത്തിലും നഗരസഭ പ്രദേശങ്ങളിലും കൃഷിനാശം വിതച്ചു. 12 കർഷകർക്ക് 20 ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്. ഓണ വിപണി ലക്ഷ്യമാക്കിയുള്ള വാഴയും കപ്പ അടക്കമുള്ള കൃഷികൾക്കാണ് ഏറെ നഷ്ടം സംഭവിച്ചത്. നഗരസഭ പരിധിയിൽ 1800, കീരമ്പാറ പഞ്ചായത്തിൽ 850 എന്നിങ്ങനെ കുലച്ച ഏത്തവാഴകൾ ഒടിഞ്ഞുവീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.