നാശം വിതച്ച് മിന്നൽ ചുഴലി
text_fieldsമൂവാറ്റുപുഴ: കനത്ത മഴക്ക് പിന്നാലെയുണ്ടായ മിന്നൽ ചുഴലിയിൽ ആവോലി, മഞ്ഞള്ളൂർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. ആവോലി പഞ്ചായത്തിലെ കാവനയിലും മഞ്ഞള്ളൂർ പഞ്ചായത്തിലെ പിരളിമറ്റത്തുമാണ് വ്യാഴാഴ്ച രാവിലെ 10ഓടെ ചുഴലി നാശം വിതച്ചത്. രണ്ട് മിനിറ്റ് മാത്രം നീണ്ട ചുഴലിക്കാറ്റിൽ ലക്ഷങ്ങളുടെ കൃഷിനാശമാണ് സംഭവിച്ചത്. വൻമരങ്ങൾ കടപുഴകി വൈദ്യുതി ലൈനിൽ പതിച്ചതോടെ തൂണുകളും കമ്പികളും നിലംപൊത്തി.
ഇതോടെ വൈദ്യുതി വിതരണം പൂർണമായി നിലച്ചു. കെ.എസ്.ഇ.ബിയുടെ നിരവധി പോസ്റ്റുകൾ മരംവീണ് ഒടിഞ്ഞു. വീടുകളുടെ മേൽക്കൂരയും കാറ്റിൽ പറന്നു. മരംവീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് കാവന-കദളിക്കാട് റോഡിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാസേന അംഗങ്ങളും കഠിന പരിശ്രമം നടത്തിയാണ് തടസ്സം ഒഴിവാക്കി ഗതാഗതം പുഃസ്ഥാപിച്ചത്. പാലമറ്റം മാത്യുവിന്റെ പുരയിടത്തിലെ 15 വലയ തേക്ക് കാറ്റിൽ നിലംപൊത്തി. തെങ്ങുകൾ കടപുഴകി. തടത്തിൽ ജോസിന്റെ വീടിന്റെ മേൽക്കൂരക്ക് കേടുപാട് സംഭവിച്ചു. ഓടുകൾ കാറ്റിൽ പറന്നു. റബർ, ജാതി, തേക്ക് തുടങ്ങിയവക്കും നാശനഷ്ടം സംഭവിച്ചു.
നടവിലെ കൊല്ലിയിൽ എൻ.എം. ജോണിന്റെ പുരയിടത്തിലുണ്ടായിരുന്ന 30 ജാതിമരം, 20 കമുക്, 12 തെങ്ങ് എന്നിവ കടപുഴകി വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.