യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: രണ്ടുപേർ ആന്ധ്രയിൽ പിടിയിൽ
text_fieldsമൂവാറ്റുപുഴ: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. വാളകം, മേക്കടമ്പ് കളനക്കുടിയിൽ വീട്ടിൽ അനന്ദു അശോകൻ (23), വാളകം, മേക്കടമ്പ് നന്തോട് ഭാഗത്ത് കരിപ്പാൽ വീട്ടിൽ ഹരീഷ് പവിത്രൻ (23) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വാളകം റാക്കാട് അഞ്ചുംകവല ഭാഗത്ത് കഴിഞ്ഞമാസം ആദ്യമായിരുന്നു സംഭവം നടന്നത്.
മദ്യലഹരിയിൽ സംഘം ചേർന്ന് യുവാവിനെ കുരുമുളക് സ്പ്രേ അടിച്ച് അവശനാക്കിയ ശേഷം ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതികളെ പിടികൂടാൻ റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം കൊടുത്തിരുന്നു. മൂവാറ്റുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്. മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം ആന്ധ്രയിലെ ഒളിത്താവളത്തിൽനിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾക്ക് അടിപിടി, കഞ്ചാവ്, ലഹരി കേസുകൾ നിലവിൽ ഉള്ളവരാണ്. നേരത്തേ മേക്കടമ്പ് ഗണപതി കടവ് ഭാഗത്ത് വീടുകയറി ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഇരുനൂറോളം പേർ ഒപ്പിട്ട പരാതി മൂവാറ്റുപുഴ പൊലീസിന് ലഭിച്ചിരുന്നു. പ്രദേശത്തെ ലഹരിമരുന്ന് ഉപയോഗവും സാമൂഹിക വിരുദ്ധപ്രവർത്തനവും നാട്ടുകാർ ചോദ്യം ചെയ്തതായിരുന്നു കാരണം. മൈസൂരു, ബംഗളൂരു, വിശാഖപട്ടണം, ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ വിദ്യാർഥികൾ എന്ന വ്യാജേനയും ടൂറിസ്റ്റ് എന്ന വ്യാജേനയും പ്രതികൾ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ പി.എം. ബൈജു എസ്.ഐ വിഷ്ണു രാജു, എ.എസ്.ഐ പി.സി. ജയകുമാർ, സീനിയർ സി.പി.ഒമാരായ കെ.എ. അനസ്, ബിബിൽ മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.