നവകേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്; എറണാകുളത്തിന് ആവശ്യങ്ങൾ ഏറെ
text_fieldsകുന്നത്തു ‘നാട് നന്നാവണം’
ബ്രഹ്മപുരം മാലിന്യ പ്ലാന്റ്, കോലഞ്ചേരി താലൂക്ക്, പട്ടിമറ്റം പഞ്ചായത്ത് രൂപവത്കരണം, കോലഞ്ചേരി താലൂക്ക് രൂപവത്കരണം, നെല്ലാട് -കിഴക്കമ്പലം റോഡ് ശോച്യാവസ്ഥ, ചൂണ്ടി-രാമമംഗലം റോഡ് ശോച്യാവസ്ഥ, കാലഹരണപ്പെട്ട കുടിവെള്ള പൈപ്പുകളുടെ പൊട്ടൽ, വിവിധ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങൾ എന്നിവയാണ് മണ്ഡലത്തിലെ പ്രധാന ജനകീയ പ്രശ്നങ്ങൾ. ബ്രഹ്മപുരം മാലിന്യപ്ലാന്റ് മാറ്റിസ്ഥാപിക്കലാണ് ശാശ്വത പരിഹാരമാർഗം. എന്നാൽ, അത് എളുപ്പമല്ല. കഴിഞ്ഞ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നിർമിക്കുന്ന പുതിയ പ്ലാന്റ് പ്രശ്നങ്ങൾ ഒരു പരിധി വരെ കുറക്കുമെന്ന് കരുതുന്നു. പട്ടിമറ്റം പഞ്ചായത്ത്, കോലഞ്ചേരി താലൂക്ക് സർക്കാർ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ചൂണ്ടി - രാമമംഗലം റോഡും നെല്ലാട് കിഴക്കമ്പലം റോഡും ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തികൾ ഇഴയുന്നു.
- മണ്ഡലത്തിൽ സർക്കാർ കോളജുകളില്ല.
- കുടുംബശ്രീ ബസാർ ജില്ലതല സൂപ്പർ മാർക്കറ്റ് പ്രവർത്തനം ആശാവഹമല്ല
- കാർഷികരംഗത്ത് റബർ വിലയിടിവ്, നെല്ല് സംഭരണത്തിലെ കെടുകാര്യസ്ഥത തുടങ്ങി പൊതുവേയുള്ള പ്രശ്നങ്ങൾ ഇവിടെയുണ്ട്
- കടയിരുപ്പ്, വടവുകോട് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ്. രണ്ടിടത്തും പോസ്റ്റ്മോർട്ടം സൗകര്യം മുടങ്ങിക്കിടക്കുന്നു
- ചൂണ്ടി കുടിവെള്ള പദ്ധതി നവീകരിക്കുന്നതോടെ കുടിവെള്ള പ്രശ്നം ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ
- എറണാകുളം -തേക്കടി സംസ്ഥാന പാതയിലെ നെല്ലാട് - കിഴക്കമ്പലം ഭാഗം ഒരു പതിറ്റാണ്ടിലേറെയായി ശോച്യാവസ്ഥയിലാണ്
- പൊതുമരാമത്ത് വകുപ്പിനുകീഴിലെ ചൂണ്ടി -രാമമംഗലം റോഡിൽ കാൽനടപോലും ദുസ്സഹമാണ്
- ഇൻഫോ പാർക്ക് പദ്ധതിയുടെ രണ്ടാം ഘട്ടം കുന്നത്തുനാട് മണ്ഡലത്തിലാണ് നടപ്പാക്കുന്നത്
കാത്തുനിൽക്കാൻ സമയമില്ല
പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നത് നാടിന്റെ പുരോഗതിയിൽ പ്രധാനമാണ്. തൃപ്പൂണിത്തുറ ബൈപാസ് പദ്ധതി മൂന്ന് പതിറ്റാണ്ടിലേറെയായി യാഥാര്‍ഥ്യമാകാതെ കിടക്കുന്നു. ഇതിനുവേണ്ടി ഭൂമി വിട്ടുനല്‍കിയവര്‍ ഇപ്പോഴും ദുരിതമനുഭവിക്കുന്നു. വൈക്കം-പൂത്തോട്ട റോഡ് വികസനം 30 വര്‍ഷത്തോളമായി വാഗ്ദാനത്തിലൊതുങ്ങി. ഈ റോഡിൽ രാവിലെയും വൈകീട്ടും നടക്കാവ് മുതല്‍ തൃപ്പൂണിത്തുറവരെ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. തേവര-കുണ്ടന്നൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം.
- കുണ്ടന്നൂർ പാലത്തില്‍ കുണ്ടും കുഴികളും കൂടാതെ ടാര്‍ ഉരുണ്ടുകൂടിയ സ്ഥിതിയുമുണ്ട്. ഇത് അപകടങ്ങൾക്കിടയാക്കുന്നു.
- മരട്, കുമ്പളം, തൃപ്പൂണിത്തുറ, ഉദയംപേരൂര്‍, പശ്ചിമകൊച്ചി മേഖലകളിൽ സ്ഥിരം കുടിവെള്ള പ്രശ്നമുണ്ട്
- തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ രാത്രികാലങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല
- മരട് ഗവ. ഐ.ടി.ഐ 10 വര്‍ഷമായി നെട്ടൂര്‍ എസ്.വി.യു.പി സ്കൂള്‍ കെട്ടിടത്തിലും സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്
- കണ്ണന്‍കുളങ്ങരയില്‍ 2020ല്‍ പണി കഴിപ്പിച്ച ടി.കെ. രാമകൃഷ്ണന് മുനിസിപ്പല്‍ ഹാള്‍ ഉദ്ഘാടനം കഴിഞ്ഞ് മൂന്നു വര്‍ഷം പിന്നിട്ടിട്ടും പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തിട്ടില്ല. 49000 ചതുരശ്ര അടിയില്‍ മൂന്നു നിലകളായാണ് പണിതത്. ഇവിടം ഇപ്പോള്‍ സാമൂഹിക വിരുദ്ധരുടെയും തെരുവുനായകളുടെ വിഹാരകേന്ദ്രം
- കുമ്പളം പഞ്ചായത്തിലെ ദ്വീപാണ് ചാത്തമ്മ ദ്വീപിൽ വിനോദസഞ്ചാര സാധ്യതകളുണ്ട്. പ്രയോജനപ്പെടുത്തുന്നില്ല
- ചാത്തമ്മ ദ്വീപിൽ ഭൂമാഫിയകളുടെ നേതൃത്വത്തില്‍ അനധികൃത കൈയേറ്റങ്ങള്‍ വര്‍ധിക്കുന്നത് മത്സ്യകൃഷിയും നെല്‍കൃഷിയും ചെയ്ത് ജീവിക്കുന്ന പരമ്പരാഗത തൊഴിലാളികള്‍ക്ക് ഭീഷണി
വ്യവസായ നഗരത്തിന്റെ പ്രതിസന്ധികൾ...
വ്യവസായ തലസ്ഥാനമെന്നറിയപ്പെടുന്ന മണ്ഡലത്തിൽ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായെത്തുന്ന ചരക്ക് വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമില്ലായെന്നുള്ളതാണ് പ്രധാന പ്രശ്നം. ദേശീയ പാതയോരങ്ങളിലടക്കം നിരന്തരം നൂറുകണക്കിന് ചരക്ക് ലോറി കളാണ് നിർത്തിയിടുന്നത്. ഇതുമൂലം അപകടങ്ങളും സാമൂഹിക പ്രശ്നങ്ങളും ഏറെയാണ്. വ്യവസായങ്ങളുടെ കൈവശം ഉപയോഗശൂന്യമായിക്കിടക്കുന്ന ഭൂമി ഏറ്റെടുത്ത് പാർക്കിങ് സൗകര്യം ഉണ്ടാക്കുകയെന്ന പരിഹാര നിർദേശമാണ് ഉയരുന്നത്.
- എച്ച്.എം.ടി ജങ്ഷൻ റോഡ്, പാതിവഴിയിൽ കിടക്കുന്ന സീ പോർട്ട് -എയർ പോർട്ട് റോഡ്, മഞ്ഞുമ്മൽ ഫാക്ട് റോഡ് വികസനം യാഥാർഥ്യമാക്കണം.
- വിവിധ പ്രദേശങ്ങളിൽ കുടിവെള്ള പ്രശ്നം. കുന്നുകര, കരുമാല്ലൂർ പഞ്ചായത്തുകൾക്കായുള്ള കിഫ്ബി പദ്ധതി ഉടൻ പൂർത്തിയാക്കണം. കളമശ്ശേരി ഏലൂർ മേഖലയിലെ പ്രശ്നപരിഹാരത്തിനുള്ള അമൃത് കുടിവെള്ള പദ്ധതിയും യാഥാർഥ്യമാക്കണം.
- പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ്
- വായു മലിനീകരണത്താൽ ഏലൂർ, എടയാർ മേഖലകളിലെ ജനങ്ങൾ ഗുരുതര ആരോഗ്യപ്രശ്നം നേരിടുന്നു
- വിശാല കൊച്ചിയിലടക്കം കുടിവെള്ളത്തിന് ആശ്രയിക്കുന്ന പെരിയാറിന്റെ സ്ഥിതി ഫ്ലാറ്റിൽനിന്നും വ്യവസായങ്ങളിൽനിന്നും മലിനജലം ഒഴുകി ദയനീയമായി
- കേന്ദ്ര പൊതുമേഖല കമ്പനികൾ മുതൽ സ്വകാര്യ കമ്പനികൾ വരെ പലതും അടച്ചുപൂട്ടി. പലതും പൂട്ടാൻ കിടക്കുന്നു. പുനരുജ്ജീവിപ്പിക്കുകയോ ബദൽ സാധ്യതകൾ തേടുകയോ വേണം
- കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നിർമാണം, കൊച്ചിൻ കാൻസർ സെന്റർ, സീ പോർട്ട്- എയർ പോർട്ട് റോഡ് തുടങ്ങിയവ ഇഴഞ്ഞുനീങ്ങുന്നു
- കുസാറ്റ് ലാബ് സമുച്ചയ നിർമാണം നിലച്ച് കാടുകയറിക്കിടക്കുകയാണ്
പിറവത്തിന് പിറകോട്ടുപോകാനാവില്ല
അടിസ്ഥാന സൗകര്യ വികസനം, കർഷകർ ഉൾപ്പെടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്താനുള്ള പദ്ധതികൾ തുടങ്ങിയവ തന്നെയാണ് പിറവത്തിനും ആവശ്യപ്പെടാനുള്ളത്. ഗതാഗത മേഖലയിലാണ് പ്രധാന പ്രശ്നങ്ങൾ. ഉൽപന്നങ്ങളുടെ വിലയിടിവാണ് കർഷകർ അനുഭവിക്കുന്ന പ്രതിസന്ധി. സർക്കാറിന്റെ സവിശേഷ ശ്രദ്ധയും പിന്തുണയും ഇല്ലെങ്കിൽ കർഷകർ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടും.
- പാതിവഴിയിൽ നിലച്ച മുത്തോലപുരം പഴം-പച്ചക്കറി സംസ്കരണശാല പദ്ധതി പൂർത്തിയാക്കണം
- മൂന്ന് പതിറ്റാണ്ടുമുമ്പ് സ്ഥലം ഏറ്റെടുത്ത തിരുവാങ്കുളം-തൃപ്പൂണിത്തുറ ബൈപാസ് യാഥാർഥ്യമാക്കണം
- ആമ്പല്ലൂരിലെ നിർദിഷ്ട ഇലക്ട്രോണിക് പാർക്ക് പദ്ധതി നടപ്പാക്കാൻ നടപടി വേണം
- പിറവം താലൂക്ക് എന്ന വർഷങ്ങളായുള്ള ആവശ്യം പരിഗണിക്കണം
- പിറവം-കുന്നത്തുനാട് നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന രാമമംഗലം-തമ്മാനിമറ്റം തൂക്കുപാലം പുനർനിർമിക്കണം
- പെരുവ-പിറവം-പെരുവംമൂഴി റോഡ് നിർമാണം പൂർത്തിയാക്കണം
- കാർഷിക മേഖലയുടെ വളർച്ചക്കും ഗതാഗത സൗകര്യ വികസനത്തിനും ഉതകുന്ന പദ്ധതികൾ നടപ്പാക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.