ആഷിഫിന്റെ വിയോഗം; നഷ്ടമായത് ഹജ്ജ് ക്യാമ്പിലെ സഹായഹസ്തം
text_fieldsനെടുമ്പാശ്ശേരി: ആലുവ എലൂക്കര തച്ചവള്ളത്ത് വീട്ടിൽ ആഷിഫ് അഷ്റഫിെൻറ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് ആലുവ ചൂണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ആഷിഫ് മരണമടഞ്ഞത്. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ പ്രവർത്തിച്ചിരുന്ന ആഷിഫിെൻറ വിയോഗം സന്നദ്ധ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും മാധ്യമ പ്രവർത്തകരെയും ജനപ്രതിനിധികളെയും കണ്ണീരിലാഴ്ത്തി.
2015ൽ അന്നത്തെ ഹജ്ജ് കമ്മിറ്റി ചെയർമാനായിരുന്ന കോട്ടുമല ബാപ്പു മുസ്ലിയാരുടെ നേതൃത്വത്തിൽ നെടുമ്പാശ്ശേരിയിൽ ഹജ്ജ് ക്യാമ്പിെൻറ പ്രവർത്തനം ആരംഭിച്ചത് മുതൽ ആഷിഫ് രംഗത്തുണ്ടായിരുന്നു. പിന്നീട് 2019ലെ അവസാനത്തെ ഹജ്ജ് ക്യാമ്പുവരെ സജീവസാന്നിധ്യമായിരുന്നു.
പ്രധാനമായും ഓഫിസ് ജോലികളിൽ ബന്ധപ്പെട്ടവരെ സഹായിയായിട്ടാണ് ആഷിഫ് പ്രവർത്തിച്ചിരുന്നതെങ്കിലും ലഗേജ് കൈകാര്യം ചെയ്യുന്നത് മുതൽ തീർഥാടകരെ ക്യാമ്പിൽനിന്ന് യാത്രയാക്കുന്നത് വരെയുള്ള വിവിധ മേഖലകളിലും ഓടിയെത്തിയിരുന്നു. 2018ലെ മഹാപ്രളയത്തിെൻറ ആദ്യദിവസം നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതോടെ ഹജ്ജ് ക്യാമ്പ് പ്രതിസന്ധിയിലായിരുന്നു. ഈ സമയം ക്യാമ്പിൽ അവശേഷിച്ചിരുന്ന 1350ഓളം വരുന്ന തീർഥാടകരെ യുദ്ധകാലാടിസ്ഥാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പ്രയത്നങ്ങളിലും മുഖ്യപങ്ക് വഹിച്ചു.
ഒന്നര മാസം മുമ്പ് കോവിഡ് പിടിപെട്ടെങ്കിലും പിന്നീട് ഭേദമായിരുന്നു. എന്നാൽ, ഒരാഴ്ചക്കിടെ വീണ്ടും കലശലായ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ കരളിന് ഗുരുതരരോഗം ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. ഒരു വർഷം മുമ്പാണ് വിവാഹിതനായത്. ഇശാ നമസ്കാരനന്തരം ഏലൂക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ഹജ്ജ് സെൽ ഓഫിസർ എസ്. നജീബ്, ഹജ്ജ് കമ്മിറ്റി അംഗം മുസമ്മൽ ഹാജി, മുൻ കോഓഡിനേറ്റർമാരായ മുജീബ് റഹ്മാൻ പുത്തലത്ത്, എൻ.പി. ഷാജഹാൻ തുടങ്ങിയവർ അനുശോചനം അറിയിക്കാൻ വീട്ടിലെത്തിയിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, മുൻ മലപ്പുറം എസ്.പിയും ഹജ്ജ് ക്യാമ്പ് ഓഫിസറുമായ യു. അബ്ദുൽകരീം തുടങ്ങിയവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.