രണ്ടു പതിറ്റാണ്ട് പിന്നിട്ടു; എറണാകുളം മെഡിക്കൽ കോളജ് അവഗണനയിൽ തന്നെ
text_fieldsകൊച്ചി: രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും എറണാകുളം മെഡിക്കൽ കോളജ് അവഗണനയിൽ. സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകൾക്ക് നൽകുന്ന പരിഗണന പോലും മധ്യകേരളത്തിലെ ശ്രദ്ധാകേന്ദ്രമായ കളമശ്ശേരിയിലെ മെഡിക്കൽ കോളജിന് ലഭിക്കുന്നില്ല. മൾട്ടി സ്പെഷാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന സംവിധാനങ്ങളൊരുക്കാൻ ആരോഗ്യവകുപ്പും സർക്കാറും ജില്ലയിൽ നിന്നുള്ള മന്ത്രിയും ശ്രമിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവിനൊപ്പം സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ പലതും ഇനിയും തുടങ്ങാനാകാത്തതും ആശുപത്രിയെ ആശ്രയിക്കുന്ന ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. സഹകരണ മേഖലയിൽ 22 വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ആശുപത്രി ഒമ്പത് വർഷം മുമ്പാണ് സർക്കാർ ഏറ്റെടുക്കുന്നത്. പി.ജി കോഴ്സുകളും പേരിന് മാത്രമാണുള്ളത്.
ഉള്ള പി.ജി ഡിപ്പാർട്മെന്‍റുകളിൽ പേരിന് മാത്രമാണ് സീറ്റുകൾ ഉള്ളത്. സർജറി, ഗൈനക്കോളജി, ഓർത്തോ, അനസ്തീഷ്യ തുടങ്ങിയ വിഭാഗങ്ങളിൽ പി.ജി കോഴ്സുകൾ ഇല്ല. ഇത് മൂലം രോഗികൾക്ക് ആവശ്യമായതും അടിയന്തരവുമായ ചികിത്സ ആശുപത്രിയിൽനിന്ന് ലഭിക്കുന്നില്ല. ഇതിനൊപ്പം മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ പഠനത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ട്.
പ്രവർത്തനം ആരംഭിച്ച് അഞ്ചുവർഷത്തിനുള്ളിൽ കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ പുതിയതായി പി.ജി സീറ്റുകൾക്ക് അനുമതി ലഭിച്ചപ്പോഴും പതിറ്റാണ്ട് പിന്നിട്ട എറണാകുളം മെഡിക്കൽ കോളജിന് അവഗണനയാണ്. സീറ്റുകൾ പരിമിതമായത് പരിഹരിക്കാൻ നടപടിയെടുക്കുന്നില്ലെന്ന് മാത്രമല്ല പുതിയ കോഴ്സുകൾക്ക് മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകാൻ പോലും ആരുമില്ല.
കഴിഞ്ഞ വർഷം ചുമതലയേറ്റ പ്രിൻസിപ്പൽ ട്രാൻസ്ഫറിന് അപേക്ഷ നൽകിയതായാണ് വിവരം. നിലവിൽ ഹോസ്പിറ്റലിലെ ജൂനിയറായ ഡോക്ടർക്കാണ് സൂപ്രണ്ടിന്‍റെ ഇൻചാർജ് നൽകിയിരിക്കുന്നത്. ആശുപത്രി നവീകരിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും മിക്കതും ഇഴഞ്ഞു നീങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.