അതിദാരിദ്ര്യ കുടുംബത്തിന് അവഗണനയെന്ന് പരാതി
text_fieldsകരുമാല്ലൂർ: അതിദാരിദ്ര്യ കുടുംബത്തെ അധികൃതർ അവഗണിക്കുന്നതായി ആക്ഷേപം. കരുമാല്ലൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ തൈപ്പറമ്പിൽ ഗോപാലന്റെ കുടുംബത്തിനാണ് അവഗണന. അതിദരിദ്രർക്കായി പ്രഖ്യാപിച്ച സഹായം ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.ഗോപാലൻ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് എട്ടു വർഷം മുമ്പ് മരിച്ചു. പിത്താശയത്തിൽ അർബുദം ബാധിച്ച് ഗോപാലന്റെ മകൻ പ്രശാന്തും മൂന്നു വർഷം മുമ്പ് മരിച്ചു.
പ്രശാന്തിന്റെ ഭാര്യ സോണി വാത സംബന്ധമായ അസുഖം കാരണം ജോലിക്ക് പോകാൻ വയ്യാത്ത അവസ്ഥയിലാണ്. ഗോപാലന്റെ 70 വയസ്സുള്ള ഭാര്യ ഉഷ പലവിധ അസുഖങ്ങളാൽ എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലുമാണ്. കഴിഞ്ഞ വർഷം ഓണത്തിന് 700 രൂപ വിലയുള്ള ഭക്ഷ്യധാന്യ കിറ്റ് മാത്രമാണ് ലഭിച്ചതെന്നും മറ്റൊരു ആനുകൂല്യവും ഇതുവരെ ലഭിച്ചിട്ടില്ലന്നും അമ്മയും മകളും പറയുന്നു.എന്നാൽ, കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ പ്രസിഡന്റ് പറഞ്ഞത് കുടുംബശ്രീ വഴി എല്ലാ മാസവും ആവശ്യമായ മരുന്നും ഭക്ഷ്യധാന്യങ്ങളും കുടുംബത്തിന് നൽകുന്നുണ്ടെന്നാണ്. പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ വിധവകളായ രണ്ട് സ്ത്രീകളും 14 ഉം ഒമ്പതും വയസ്സുള്ള രണ്ട് പെൺകുട്ടികളും ഭയന്നുവിറച്ചാണ് അന്തിയുറങ്ങുന്നത്.
അതിദരിദ്രരെ സംരക്ഷിക്കുമെന്നും സഹായിക്കുമെന്നും പൊള്ളയായ വാഗ്ദാനം നൽകി ജനങ്ങളെ ഒരിക്കൽ കൂടി സർക്കാർ വഞ്ചിച്ചിരിക്കുന്നതായി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.എം. അലി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.