ഫോർട്ട്കൊച്ചി പാർക്കിൽനിന്ന് നെഹ്റു പുറത്തേക്ക്?
text_fieldsഫോർട്ട്കൊച്ചി: കുട്ടികളുടെ പാർക്കിൽനിന്ന് ജവഹർലാൽ നെഹ്റുവിനെ കുടിയൊഴിപ്പിക്കാൻ നീക്കം. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാ നെഹ്റുവിന്റെ പേരിൽ 1966ൽ സ്ഥാപിച്ചതാണ് പാർക്ക്. നവീകരണം നടക്കുന്ന പാർക്കിന്റെ പേരിൽനിന്ന് നെഹ്റുവിനെ ഒഴിവാക്കാനാണ് നീക്കംനടക്കുന്നത്. കൊച്ചി സ്മാർട്ട് മിഷന്റെ നേതൃത്വത്തിൽ പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
പാർക്കിൽ നെഹ്റുവിന്റെ പേര് അടയാളപ്പെടുത്തിയ അവശേഷിക്കുന്ന ഏകഭാഗം കവാടം മാത്രമാണ്. പൈതൃകസ്മരണ ഉയർത്തുന്ന കവാടം പൂർണമായി പൊളിച്ചുമാറ്റി നെഹ്റുവിന്റെ പേരുതന്നെ ഇല്ലാതാക്കാനാണ് ശ്രമമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പൈതൃകകവാടം നവീകരിച്ച് പേര് നിലനിർത്തണമെന്ന് സമീപത്തെ കച്ചവടക്കാരും നാട്ടുകാരും ആവശ്യപ്പെട്ടെങ്കിലും എല്ലാം പൊളിച്ചുമാറ്റാനാണ് തങ്ങൾക്ക് കിട്ടിയ നിർദേശമെന്നാണ് കരാറുകാർ പറയുന്നത്. പൈതൃക ഭൂപടത്തിൽ ഇടംപിടിച്ച കൊച്ചിയുടെ പൈതൃകാടയാളങ്ങൾ ഓരോന്നായി നവീകരണത്തിന്റെ പേരിൽ ഇല്ലാതാക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
കൊച്ചിയിൽ നെഹ്റുവിന്റെ പേരിലുള്ള സ്ഥാപനങ്ങളുടെ പേര് മാറ്റാനുള്ള ശ്രമം ഇതാദ്യമല്ല. മട്ടാഞ്ചേരിയിലെ നെഹ്റു മെമ്മോറിയൽ ടൗൺഹാൾ നേരത്തേ നവീകരിച്ചപ്പോഴും പേര് മാറ്റാൻ ശ്രമം നടന്നിരുന്നു. കോൺഗ്രസ് കോർപറേഷൻ ഭരിക്കുമ്പോഴായിരുന്നു ഈ നീക്കം.
ടൗൺഹാളിന്റെ പ്രവേശന കവാടത്തിൽവെച്ചിരുന്ന നെഹ്റുവിന്റെ മൂന്നടി വലുപ്പമുള്ള ഫോട്ടോപോലും ടൗൺഹാൾ നവീകരണ വേളയിൽ മാറ്റി മാലിന്യങ്ങൾക്കൊപ്പം നിക്ഷേപിച്ചിരുന്നു. പിന്നീട് മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് വിവാദനടപടി ഉപേക്ഷിച്ചത്.
കൊച്ചി നഗരസഭയിലെ പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറയുടെ ഡിവിഷനിലാണ് പാർക്ക് സ്ഥിതിചെയ്യുന്നത്. ഒരുകാരണവശാലും പാർക്കിന്റെ പേര് മാറ്റാൻ അനുവദിക്കില്ലെന്നും നഗരസഭക്ക് കത്ത് നൽകുമെന്നും ആൻറണി കുരീത്തറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.