വൈവിധ്യ മോഡലുകളുടെ നെല്ലിക്കുഴി പിറവി
text_fieldsഉല്പന്നങ്ങളുടെ വിലക്കുറവും മോഡലുകളുമാണ് നെല്ലിക്കുഴി ഫര്‍ണിച്ചര്‍ വിപണിയുടെ കരുത്ത്. ആളുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഉൽപന്നങ്ങളിൽ കാലത്തിനൊത്ത മോഡൽ മാറ്റം കൊണ്ടുവന്നാണ് ഫര്‍ണിച്ചര്‍ വിപണി വ്യാപാരികള്‍ സജീവമാക്കുന്നത്. സോഫാസെറ്റിയിലും കസേരകളിലുമാണ് പുതിയ ട്രെൻഡുകൾ.
ആട്ടുകട്ടിൽ, ചാരുകസേര, ബാർ ചെയർ സെറ്റ് ആശയങ്ങളെല്ലാം ഇങ്ങനെ ഉരുത്തിരിഞ്ഞതാണ്. പുരാവസ്തുക്കളെ ഓർമിപ്പിക്കുന്ന ഡിസൈനുകൾ കൊണ്ടുവന്ന് വിപണിയിൽ വലിയ കുതിപ്പാണ് നെല്ലിക്കുഴി മോഡൽ ഒരുവേള നടത്തിയത്. പരിചയ സമ്പന്നരായ തൊഴിലാളികളെ ഓരോ നിർമാണ യൂനിറ്റുകൾക്ക് കീഴിലും ഇതിനായി കരുതിവെച്ചിട്ടുണ്ട്. അവർ വരച്ച മോഡലുകള്ക്കനുസൃതമായി ഫര്‍ണിച്ചര്‍ സ്കെച്ചുകള്‍ തയാറാക്കിയാണ് ഉല്പന്നങ്ങള് നിർമിക്കുന്നത്. പ്രത്യേകം നിർമിച്ച കട്ടിങ് മെഷീനുകള്‍ ഉപയോഗിച്ച് ഓരോ ഉല്പന്നങ്ങള്ക്കുമായി ആവശ്യാനുസരണം കട്ട് ചെയ്തെടുക്കാവുന്ന നിർമാണ രീതിയിലൂടെ തടികള്‍ പാഴാക്കാതെ സംരക്ഷിക്കാൻ കഴിയുന്നു.
മനംനിറക്കുന്ന ബഹുവർണ അപ്പോൾസ്റ്ററികള്
ഫര്‍ണിച്ചര്‍ ഉല്പന്നങ്ങളുടെ മോടി കൂട്ടുന്നതില്‍ പോളിഷ് വര്‍ക്കുകളും അപ്പോൾസ്റ്ററി വര്‍ക്കുകളും വലിയ പങ്കാണ് വഹിക്കുന്നത്. മരപ്പണിയിലെ ന്യൂനതകളും കുറവുകളും പോളിഷ് പണികളിലൂടെ തീര്‍ത്ത് പുതിയ മോഡലുകളില്‍ അപ്പോൾസ്റ്ററി പണികള്‍ ചെയ്ത് ഫര്‍ണിച്ചറുകള്‍ വില്പനക്ക് തയാറാക്കുകയാണ് ചെയ്യുക.
ആളുകളുടെ ബജറ്റിനനുസരിച്ച് ഏതുതരത്തിലുള്ള ഫര്‍ണിച്ചറും ഇവിടെ ലഭിക്കും. സോഫാസെറ്റ്, അലമാര, ഡൈനിങ് ടേബിള്‍ കസേരകള്‍, ദിവാന്‍കോട്ട്, കട്ടിലുകള്‍, ഊഞ്ഞാല്, കുട്ടികളുടെ പഠനത്തിനാവശ്യമായ ഫര്‍ണിച്ചറുകള്‍, വീടിന് മോടികൂട്ടാന്‍ ആവശ്യമായ ഫര്‍ണിച്ചറുകള്‍ അടക്കം വലിയ വിലക്കുറവില്‍ വിപണിയില്‍ സജീവമാണ്.
ഒരേ കേന്ദ്രത്തിൽ നൂറുകണക്കിന് ഷോപ്പുകളുള്ളത് ഉല്പന്നങ്ങളുടെ ഗുണമേന്മയും മോഡലുകളും പരിശോധിച്ച് വിലപേശി വാങ്ങാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത് എത്തുന്ന ഫർണിച്ചറുകൾക്കായി പ്രത്യേക ഷോറൂമുകളും ഒരുക്കിയിട്ടുണ്ടിവിടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.