മൂലങ്കുഴിയിൽ പുതിയ കടൽതീരം തെളിയുന്നു; സന്തോഷത്തോടെ പ്രദേശവാസികൾ
text_fieldsഫോർട്ട്കൊച്ചി: ബീച്ച് റോഡിന് സമീപം മൂലങ്കുഴി മേഖലയിൽ വിസ്താരമേറിയ കടൽ തീരം തെളിയുകയാണ്. ഫോർട്ട്കൊച്ചി കടപ്പുറം കടൽ കയറിയതിൽ നാട്ടുകാർ മനം നൊന്തിരിക്കെയാണ് രണ്ടര കിലോമീറ്റർ മാറി പുതിയ തീരം ഉടലെടുത്തിരിക്കുന്നത്. ഫോർട്ട്കൊച്ചി കടൽ തീരവും ചെറിയ തോതിൽ തെളിയുന്നുണ്ടെങ്കിലും പായലും മാലിന്യവും നിറഞ്ഞിരിക്കയാണ്. ഇത് കടപ്പുറം കാണാനെത്തുന്നവരുടെ മനം മടുപ്പിക്കുകയാണ്. അടിഞ്ഞുകൂടുന്ന മാലിന്യം യന്ത്രസഹായത്തോടെ മാറ്റാനുള്ള നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ഒഴിവു ദിവസങ്ങളിൽ ഫോർട്ട്കൊച്ചി സൗത്ത് കടപ്പുറത്ത് കുളിക്കാൻ ആയിരങ്ങളാണ് എത്തുന്നത്.
ഈ ഭാഗത്ത് പായൽ ശല്യം കുറവാണ്. മൂലങ്കുഴിയിൽ നേരത്തേവള്ളങ്ങൾ അടുപ്പിച്ചിരുന്ന മേഖലയിലാണ് പുതിയ തീരം രൂപപ്പെട്ടിരിക്കുന്നത്. പായൽ ശല്യം ഇല്ലാ എന്നതും പ്രത്യേകതയാണ്. എന്നാൽ, ബീച്ചിലേക്ക് കയറാൻ ചെറിയ ഇടവഴികൾ മാത്രമുള്ളത് പ്രശ്നമാണ്.
എന്നിരുന്നാലും സായാഹ്നങ്ങളിൽ ഇവിടെ തിരക്കേറുകയാണ്. രാവിലെ സമയങ്ങളിൽ ഫുട്ബാൾ കളിക്കാനു മറ്റുമായി യുവാക്കൾ എത്തുന്നുണ്ട്. പുതിയ തീരമായതിനാൽ കനത്ത പൂഴിമണൽ അല്ലാത്തതിനാൽ സൈക്കിൾ സവാരിക്കും കുട്ടികൾ എത്തുന്നുണ്ട്. മൂലങ്കുഴി ബീച്ച് നിലനിർത്തുന്നതിനും സഞ്ചാരികളെ ആകർഷിക്കാനുള്ള നടപടികളും അധികൃതർ ആലോചിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.