മാലിന്യം തള്ളുന്നവരെ പിടികൂടാൻ പഞ്ചായത്ത് അംഗങ്ങളുടെ നൈറ്റ് സ്ക്വാഡ്
text_fieldsചൂർണിക്കര: മാലിന്യം തള്ളുന്നവരെ പിടികൂടാൻ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ നൈറ്റ് സ്ക്വാഡ് ഇറങ്ങി. പഞ്ചായത്തിലെ പുളിഞ്ചോട് മുതൽ മുട്ടം വരെ ദേശീയപാതയിൽ കക്കൂസ് മാലിന്യമടക്കം തള്ളുന്നത് പതിവാണ്. സമീപങ്ങളിലും മാലിന്യം വലിച്ചെറിയുന്നുണ്ട്. മാലിന്യം വാഹനങ്ങൾ കയറി റോഡിലാകെ പരക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഇടക്കിടെ മാലിന്യ മാഫിയ ദേശീയപാതയിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നത് പതിവായിരുന്നു. ദേശീയപാതയിൽ കാമറ ഇല്ലാത്ത സ്ഥലത്താണ് മാലിന്യം തള്ളൽ. മുട്ടം മെട്രോ യാർഡിലും മാലിന്യം തള്ളിയിരുന്നു. സമീപത്തെ കടകളിലെ കാമറ പരിശോധിച്ചെങ്കിലും വാഹനത്തിന്റെ നമ്പർ വ്യക്തമായിരുന്നില്ല.
നേരത്തേ മാലിന്യം തള്ളിയപ്പോൾ വാഹനങ്ങളുടെ നമ്പർ കാമറയിൽ പതിഞ്ഞതുകൊണ്ട് പഞ്ചായത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പിഴയീടാക്കി മാലിന്യം തള്ളിയവരെ കൊണ്ടുതന്നെ മാറ്റിച്ചിരുന്നു. രണ്ടാഴ്ചയായി വീണ്ടും മാലിന്യ മാഫിയ രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മാലിന്യം തള്ളിയ ചിലരെ പിടികൂടി പിഴയീടാക്കിയിരുന്നു. തുടർന്നാണ് പഞ്ചായത്ത് അംഗങ്ങളുടെയും ഹെൽത്ത് ഇൻസ്പെക്ടറുടെയും നേതൃത്വത്തിൽ നൈറ്റ് സ്ക്വാഡ് ഇറങ്ങാൻ തീരുമാനിച്ചത്. സ്ഥിരംസമിതി അധ്യക്ഷരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, അംഗങ്ങളായ പി.എസ്. യൂസഫ്, രാജേഷ് പുത്തനങ്ങാടി, പി.വി. വിനീഷ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജിൻഷ വിജയൻ, ജീവനക്കാരായ അബ്ദുൽ റസാഖ്, ശരൺ കുമാർ, ഷെഹർബാൻ എന്നിവരുടെ നേതൃത്വത്തിലാണ് നൈറ്റ് സ്ക്വാഡ് ഇറങ്ങിയത്. മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോയോ വിഡിയോയോ സഹിതം തെളിവുകൾ തരുന്നവർക്ക് പാരിതോഷികം നൽകുമെന്നും സ്ഥിരംസമിതി അധ്യക്ഷരായ മുഹമ്മദ് ഷെഫീക്കും ഷീല ജോസും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.