മെഡിക്കൽ കോളജിനെ തഴഞ്ഞു; പുതിയ തസ്തികകളില്ല
text_fieldsകൊച്ചി: ആരോഗ്യ മേഖലയിൽ ഒറ്റയടിക്ക് 3000 തസ്തിക സൃഷ്ടിച്ച സർക്കാർ, എറണാകുളം മെഡിക്കൽ കോളജിനെ തഴഞ്ഞതിൽ പ്രതിഷേധം. 772 തസ്തിക പരിയാരം മെഡിക്കൽ കോളജിന് മാത്രമാണ്. 300 കോടി ചെലവിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നിർമാണം പൂർത്തിയാകുന്ന എറണാകുളത്ത് ഇതുവരെ ഒരു തസ്തിക പോലും പുതുതായി അനുവദിച്ചിട്ടില്ല. കെടുകാര്യസ്ഥതക്കെതിരായ ജനകീയ പ്രതിഷേധത്തെ തുടർന്നാണ് എറണാകുളം മെഡിക്കൽ കോളജ് വർഷങ്ങൾക്ക് മുമ്പ് സർക്കാർ ഏറ്റെടുത്തത്.
കടമക്കുടിയിലും വൈപ്പിനിലും കിഴക്കൻ മലയോര മേഖലയിലുമൊക്കെ കഴിയുന്ന സാധാരണക്കാർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ട മെഡിക്കൽ കോളജ് നാഥനില്ലാത്ത അവസ്ഥയിലാണെന്ന് ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെൻറ് ആരോഗ്യമന്തി കെ.കെ. ശൈലജക്ക് നൽകിയ കത്തിൽ പറയുന്നു. ഈ വർഷം മൂന്ന് പ്രിൻസിപ്പൽമാർ മാറിവന്നു. മൂന്നാമത്തെ ആൾ വിരമിക്കും മുമ്പുള്ള നീണ്ട അവധിയിലാണ്. 1999ൽ സഹകരണ വകുപ്പ് ആരംഭിച്ച് 2013ൽ സർക്കാർ ഏറ്റെടുത്ത മെഡിക്കൽ കോളജ് ഇനിയും പൊതുജനങ്ങൾക്ക് പൂർണമായി പ്രയോജനപ്പെട്ടിട്ടില്ല. പരിമിതമായ പി.ജി കോഴ്സുകൾ പോലും അധ്യാപകരുടെ കുറവ് മൂലം നഷ്ടപ്പെട്ടു. പല തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. വാഹനാപകടത്തിൽ തലച്ചോറിന് ക്ഷതം സംഭവിക്കുന്നവരെ ചികിത്സിക്കാൻ മെട്രോ നഗരത്തിലെ മെഡിക്കൽ കോളജിൽ സൗകര്യം ഇല്ല.
വ്യവസായ തലസ്ഥാനത്ത് ഒരു ദുരന്തം സംഭവിച്ചാൽ ബേൺ ട്രീറ്റ്മെൻറ് യൂനിറ്റ് പ്രവർത്തിപ്പിക്കാനുള്ള വിദഗ്ധരും ഇവിടെ ഇല്ല. 24 മണിക്കൂറും ഹൃദ്രോഗ വിദഗ്ധെൻറ സേവനം ലഭ്യമാക്കിയിട്ടുമില്ല. അടിസ്ഥാന സ്പെഷാലിറ്റികളായ ഗൈനക്കോളജി, സർജറി, ഓർത്തോപീഡിക്സ് വിഭാഗങ്ങളിൽ പി.ജി കോഴ്സുകൾ ഇല്ല. ഇത് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നു. പുതിയ കോഴ്സുകൾ ആവശ്യപ്പെട്ട് അപേക്ഷ നൽകാൻ പോലും അധികൃതർ തയാറായിട്ടില്ല. ശക്തമായ നേതൃത്വത്തെ നിയോഗിച്ച് മെഡിക്കൽ കോളജ് പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ആരോഗ്യകേന്ദ്രമാക്കി മാറ്റണമെന്നാണ് ആവശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.