പെൻഷൻ കിട്ടുന്നില്ല, 80കാരൻ വെയർഹൗസിങ് കോർപറേഷന് മുന്നിൽ നിരാഹാരത്തിന്
text_fieldsകൊച്ചി: വെയർഹൗസിങ് കോർപറേഷൻ പൂർണ പെൻഷൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിന് ഒരുങ്ങി 80കാരൻ. ആറ്റിങ്ങൽ സ്വദേശി കെ.പി. മധുസൂദനൻ നായരാണ് എറണാകുളം ഹെഡ് ഓഫിസിന് മുന്നിൽ സമരം പ്രഖ്യാപിച്ചത്. ഇദ്ദേഹത്തിന് അനുഭാവവുമായി കേരള സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ പെൻഷനേഴ്സ് സമരസമിതിയും റിലേ സത്യഗ്രഹം നടത്തും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും.
1975ൽ 71രൂപ ശമ്പളത്തിന് കോർപറേഷനിൽ ജോലിക്കുകയറിയ താൻ 1997ൽ വിരമിച്ചതാണെന്ന് മധുസൂദനൻ നായർ പറഞ്ഞു. 2084രൂപ പ്രാഥമിക പെൻഷൻ മാത്രമാണ് ലഭിക്കുന്നത്. 1996ൽ കോർപറേഷനിൽ പെൻഷൻ പദ്ധതി നിലവിൽവന്നപ്പോഴുണ്ടായ റെഗുലേഷൻ അനുസരിച്ച് പെൻഷൻ നിശ്ചയിച്ചിരുന്നില്ല. 2017ൽ സുപ്രീംകോടതി നിർദേശം അനുസരിച്ച് പെൻഷൻ നൽകാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം സംസ്ഥാന സർക്കാറും കോർപറേഷനിൽ 50 ശതമാനം ഒാഹരിയുടമകളായ കേന്ദ്ര വെയർഹൗസിങ് കോർപറേഷനും ഉത്തരവ് നൽകിയിട്ടും എം.ഡി നിരസിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
സുപ്രീംകോടതി വിധി നടപ്പാക്കാൻ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ 2020 ജൂലൈ ഒന്നിന് മൂന്നുമാസത്തിനകം കുടിശ്ശിക സഹിതം പെൻഷൻ നൽകണമെന്ന് വിധിയുണ്ടായി. ഇതും നടപ്പാക്കാതെ കോടതിയലക്ഷ്യമായി മാറിയതോടെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരിക്കുകയാണ്.
കഴിഞ്ഞമാസം 13ന് മന്ത്രിതല ചർച്ച നടന്നപ്പോൾ പെൻഷൻ നൽകാൻ ഫണ്ടില്ലെന്നാണ് എം.ഡി അറിയിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രതിമാസം 150 ലക്ഷം ലാഭമുള്ള സ്ഥാപനത്തിൽ പെൻഷൻ ഫണ്ടിലേക്ക് 45 ലക്ഷം നീക്കിവെക്കാത്തതാണ് പ്രശ്നത്തിന് പിന്നിലെന്നും അവർ പറഞ്ഞു. ആർ. ഗോപകുമാർ, സി. അരവിന്ദാക്ഷൻ, ഗോപാലകൃഷ്ണൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.