രാഷ്ട്രീയമില്ല, ഈ പ്രശ്നങ്ങൾക്ക്
text_fieldsമനുഷ്യാവകാശദിനത്തിൽ ജില്ല വോട്ടെടുപ്പിന്. ഈ ദിനത്തിൽ മറക്കരുതാത്ത ഒരുപാട് മനുഷ്യാവകാശ പ്രശ്നങ്ങൾ ജില്ലയിലുണ്ട്. നിരന്തര moസമരം ചെയ്തിട്ടും മുന്നണികൾ മാറിമാറി ഭരിച്ചിട്ടും പരിഹാരം കണ്ടെത്താനാകാത്ത പ്രശ്നങ്ങൾ. കൊച്ചി നഗരത്തിലെ മാലിന്യം തള്ളുന്ന ബ്രഹ്മപുരത്തെ ജനം അനുഭവിക്കുന്നതാണ് അതിൽ തീവ്രം. ആനകൾ കൃഷിനശിപ്പിക്കുന്നതും ഗിഫ്റ്റ് സിറ്റിയും ഉൾപ്പെടെ ആശങ്കയായി തുടരുന്ന പ്രശ്നങ്ങളിലേക്ക് വോട്ടുദിനത്തിലെ തിരിഞ്ഞുനോട്ടം...
പിന്നിട്ടത് 13 വർഷം; അനക്കമില്ലാതെ ബ്രഹ്മപുരം പ്ലാൻറ്
പള്ളിക്കര: കൊച്ചി കോര്പറേഷന് 2005ല്‍ ബ്രഹ്മപുരത്ത് സ്ഥാപിച്ച മാലിന്യ പ്ലാൻറ് ഇതുവരെ നടത്തിയത് ട്രയല്‍ റണ്‍ മാത്രം. ചെലവഴിച്ചത് 19.63 കോടി രൂപ. ട്രയല്‍ റണ്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ പ്ലാൻറിെൻറ പ്രവര്‍ത്തനം അവതാളത്തിലായി. ഇപ്പോൾ പ്ലാൻറ് ഏത് സമയവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. പരിസര പ്രദേശങ്ങളില്‍ ദുര്‍ഗന്ധം വമിക്കുന്നു. താങ്ങാവുന്നതിലധികം പ്ലാസ്റ്റിക് മാലിന്യം പേറുകയാണ് ബ്രഹ്മപുരം.
2013 ഫെബ്രുവരി മുതൽ പല പ്രാവശ്യംപ്ലാൻറില് തീപിടിച്ചു. ഇതുവരെ എങ്ങനെയാണ് തീപിടിത്തമുണ്ടാകുന്നതെന്ന് കണ്ടെത്താനായിട്ടില്ല. ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും മാലിന്യം തള്ളുന്നത് ബ്രഹ്മപുരത്താണ്.
മാലിന്യത്തില്‍നിന്ന് മലിനജലം ഒഴുകുന്നത് കടമ്പ്രയാറിലേക്കാണ്. കടമ്പ്രയാറിെൻറയും ചിത്രപ്പുഴയുടെയും സംഗമസ്ഥാനമാണ് ബ്രഹ്മപുരം. അഞ്ചിലധികം പഞ്ചായത്തും തൃക്കാക്കര മുനിസിപ്പാലിറ്റിയും ഇന്‍ഫോപാര്‍ക്കും സ്മാര്‍ട്ട് സിറ്റിയും നിരവധി വ്യവസായ സ്ഥാപനങ്ങളും കുടിവെള്ളത്തിനും മറ്റും ആശ്രയിക്കുന്നത് കടമ്പ്രയാറിനെയാണ്. ഇതിലേക്കാണ് മലിനജലം ഒഴുകിയെത്തുന്നത്.
മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പ്ലാൻറ് നിർമിക്കുമെന്ന സംസ്ഥാന സര്‍ക്കാറിെൻറ സ്വപ്ന പദ്ധതിയും എങ്ങും എത്തിയില്ല. 2016 ഫെബ്രുവരി 17നാണ് മുന്‍ സര്‍ക്കാര്‍ കണ്സെഷന് എഗ്രിമെൻറ് ജി.ജെ.എക്കോ കമ്പനിയുമായി ഒപ്പുെവച്ചത്.
പിന്നീട് 2018 ഏപ്രില്‍ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന് നിർമാണോദ്ഘാടനവും നിര്‍വഹിച്ചിരുന്നു. ജിജോ എക്കോ കമ്പനിയെ നിർമാണത്തില്‍നിന്നും ഒഴിവാക്കിയെങ്കിലും പകരക്കാരനെ കണ്ടെത്തിയിട്ടില്ല.
അവഗണന ചർച്ച ചെയ്യുന്ന ചെല്ലാനം
കൊച്ചി: കടൽകയറ്റം കൊണ്ട് കാലങ്ങളായി ദുരിതം അനുഭവിക്കുന്ന ചെല്ലാനം നിവാസികളുടെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാണ്. വർഷത്തിൽ ഒന്നിലധികം തവണ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകേണ്ടി വരുന്ന സാഹചര്യം ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ജീവനും സ്വത്തിനും സംരക്ഷണം തേടുന്ന ഇവരുടെ പ്രശ്നം ചെല്ലാനം ഗ്രാമപഞ്ചായത്തിെന മാത്രമല്ല, ജില്ലയിലാകെ പ്രതിഫലിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
20 വർഷത്തോളമായി ചെല്ലാനത്ത് കടൽകയറ്റ പ്രശ്നങ്ങളുണ്ട്. തീരത്തിെൻറ വലിയൊരു ഭാഗം ഇങ്ങനെ അപഹരിക്കപ്പെട്ടു. പലപ്പോഴായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് ഭീഷണി ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നു. ജിയോ സിന്തറ്റിക് ട്യൂബ് പദ്ധതിയും എവിടെയുമെത്തിയില്ല. പരിഹാര മാർഗങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ കുടിയൊഴിപ്പിക്കൽ പദ്ധതികളെക്കുറിച്ച് പറയുന്നത് സ്വീകാര്യമല്ലെന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു.
കടൽകയറ്റ വിഷയം തന്നെയാണ് ഇവിടെ മുന്നണികൾ മുഖ്യപ്രചാരണ വിഷയമായി തെരഞ്ഞെടുത്തത്. അതേസമയം, കടൽകയറ്റ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകണമെന്ന ആവശ്യം ഉയർത്തി രൂപംകൊണ്ട 'ചെല്ലാനം ട്വൻറി 20' കൂട്ടായ്മ മുഖ്യധാര രാഷ്ട്രീയ കക്ഷികൾക്ക് വെല്ലുവിളി ഉയർത്തുന്നു.
കടൽകയറ്റ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന ഉറപ്പാണ് എല്ലാവരും വോട്ടർമാർക്ക് നൽകുന്നത്. തങ്ങളുടെ ഭരണ സമിതി അധികാരത്തിലെത്തിയാൽ പ്രഥമ പരിഗണന അതിനായിരിക്കുമെന്നും അവർ ഉറപ്പ് നൽകുന്നു. സമരം ചെയ്യുന്ന ജനങ്ങൾ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടില്ല. ജയിച്ചുവരുന്നവർ ആരായാലും കടൽഭിത്തിയുടെ നിർമാണം ഉടൻ നടത്തണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നതെന്ന് ചെല്ലാനം ജനകീയ വേദി നേതാവ് മറിയാമ്മ പറഞ്ഞു.
കുടിയിറക്ക് ഭീതിയിൽ അയ്യമ്പുഴ
കൊച്ചി: അയ്യമ്പുഴ ഗ്രാമവാസികൾ പതിറ്റാണ്ടുകൾ ഭൂമിയിൽ മല്ലിട്ട് പണിതുയർത്തിയ ജീവിതമാണ് ഗിഫ്റ്റ് സിറ്റി പദ്ധതി പ്രഖ്യാപനേത്താടെ കയ്യാലപ്പുറത്തായത്. കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റിക്കായി പഞ്ചായത്തിലെ 220 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ഉത്തരവിട്ടത്. മൂന്ന് കോളനി ഉൾപ്പെടെ അയ്യമ്പുഴ വിേല്ലജിലെ േബ്ലാക്ക് 19ൽ 70 സർവേ നമ്പറുകളിലെ ഭൂമി ഏറ്റെടുക്കും.
പ്രദേശവാസികൾ ജനകീയ മുന്നേറ്റസമിതി രൂപവത്കരിച്ച് സ്ഥലം ഏറ്റെടുപ്പിനെതിരെ സമരമുഖത്താണ്. കൂലിപ്പണിയും കൃഷിയുമായി കഴിയുന്ന ഭൂരിപക്ഷം പേരും കുടിയിറക്കപ്പെട്ടാൽ ലഭിക്കുന്ന പുനരധിവാസ നടപടികളിൽ ആശങ്ക പങ്കിടുന്നു. ജനവാസകേന്ദ്രമായ അയ്യമ്പുഴ ഒഴിവാക്കി തരിശുനിലങ്ങൾ ഏറ്റെടുത്ത് പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉന്നയിക്കുകയാണ് അവർ.
''പാറമടകളിലും മറ്റും ജോലിയെടുക്കുന്നവരാണ് കുടിയിറങ്ങേണ്ടിവരുമെന്ന് ആശങ്കപ്പെടുന്ന ഭൂരിപക്ഷം പേരും. എല്ലാവരും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരും അനുഭാവികളും. പദ്ധതി ഇവിടെ കൊണ്ടുവരുന്നതിെനതിരെ എല്ലാവരും ഒറ്റക്കെട്ടായി സമര രംഗത്തുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ നിലപാടായി പൊതുതീരുമാനമൊന്നും എടുത്തിട്ടില്ല'' -ജനകീയ മുന്നേറ്റ സമിതി അയ്യമ്പുഴ കൺവീനർ ബിജോയി ചെറിയാൻ പറഞ്ഞു.
പുതുവൈപ്പിൽ പഞ്ചവത്സരങ്ങൾക്കപ്പുറവും പ്രശ്നങ്ങളിൽ മാറ്റമില്ല
വൈപ്പിൻ: എൽ.പി.ജി പദ്ധതിയെ അനുകൂലിക്കുന്നവർക്കെതിരായ വിധിയെഴുത്തായി മാറണം തദ്ദേശ തെരഞ്ഞെടുപ്പെന്ന് പുതുവൈപ്പ് എൽ.പി.ജി ടെർമിനൽ വിരുദ്ധ ജനകീയ സമരസമിതി ആഹ്വാനം. ഒപ്പം വൈപ്പിൻ നിവാസികളെ കാലാകാലങ്ങളായി അലട്ടുന്നതും ശാശ്വത പരിഹാരം കാണാത്ത ദുരിതമാണ് കുടിവെള്ള ക്ഷാമം.
പല പ്രദേശങ്ങളിലും ഇന്നും വെള്ളം കിട്ടാനായി സമരങ്ങൾ നടന്നുവരുന്നു. വോട്ട് ചോദിച്ചുവരുന്ന സ്ഥാനാർഥികളോട് വെള്ളം കിട്ടാനില്ല എന്ന് പരാതിപ്പെടാത്ത വീട്ടമ്മമാർ വൈപ്പിനിൽ ഉണ്ടാകില്ല. മാനത്ത് കാർമേഘം തെളിഞ്ഞാൽ വീട്ടിൽ വെള്ളം കയറുന്നതാണ് മേഖലയിലെ മറ്റൊരു ദുരിതം. വൃശ്ചിക വേലിയേറ്റത്തിലും കടലേറ്റ സമയത്തും ചെമ്മീൻ കെട്ടുകളുടെയും തോടുകളുടെയും സമീപത്ത് താമസിക്കുന്നവരാണ് ഇതിൽ ഏറെ ദുരിതപ്പെടുന്നത്.
തോടുകളും കാനകളും വെട്ടിക്കയറ്റാത്തതും ദുരിതത്തിന് ആക്കം കൂട്ടുന്നു. പുലിമുട്ട് നിർമാണം കരതൊടാത്ത അവസ്ഥ. റോഡുകളുടെ ശോച്യാവസ്ഥ കണ്ടറിയണം. കുണ്ടും കുഴിയും നിറഞ്ഞ സംസ്ഥാനപാതയാണ് മറ്റൊരു അപമാനം. ഇടറോഡുകളിൽ കുഴികളിൽ വാഹനം മറിയുന്നത് പതിവാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ പുനർനിർമിക്കൽ വൈകുന്നതും ജനജീവിതം ദുരിതത്തിലാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.