പരിഹാരമായില്ല; മുദ്രപ്പത്ര ക്ഷാമം അതിരൂക്ഷം
text_fieldsകൊച്ചി: സംസ്ഥാനത്ത് മുദ്രപ്പത്ര ക്ഷാമം അതിരൂക്ഷം. 5000 രൂപയുടേതാണ് ലഭ്യമായവയിൽ ഏറ്റവും കുറഞ്ഞ മുദ്രപ്പത്രം. നാലുമാസമായി നിലനിൽക്കുന്ന മുദ്രപ്പത്ര പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, കൂടുതൽ രൂക്ഷമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. മുദ്രപ്പത്രം അച്ചടിക്കുന്ന മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് ആവശ്യത്തിന് എത്താത്തതാണ് പ്രശ്നം.
കൂടുതൽ ആവശ്യമുള്ളതും ചെറിയ മൂല്യമുള്ളതുമായ 50, 100, 200, 500 രൂപ തുടങ്ങിയ മുദ്രപ്പത്രങ്ങളാണ് കിട്ടാനില്ലാത്തത്. ക്ഷാമം ഉണ്ടെങ്കിലും ഒരു പരിധിവരെ പിടിച്ചുനിൽക്കാൻ സഹായിച്ച 500 രൂപയുടെ പത്രം കൂടി ലഭ്യമല്ലാതായേതാടെയാണ് വിഷയം കൂടുതൽ ഗുരുതരമായത്. 20 രൂപയുടെ മുദ്രപ്പത്രം ഉപയോഗിക്കേണ്ട ജനന, മരണ സർട്ടിഫിക്കറ്റ് ആവശ്യത്തിനുപോലും കൂടിയ നിരക്കിേൻറത് ഉപയോഗിക്കേണ്ട അവസ്ഥയാണ്.
ഉയർന്ന തുകയുടെ മുദ്രപ്പത്രം ആവശ്യമായ വസ്തു രജിസ്ട്രേഷൻ മാത്രമാണ് നിലവിലെ അവസ്ഥയിൽ സാധ്യമാകുക. അതേസമയം, വസ്തു കരാറിനും വാടകച്ചീട്ടിനും ചെറിയ മുദ്രപ്പത്രങ്ങളാണ് ആവശ്യം. ബാങ്ക് വായ്പ, വിദേശത്തേക്കടക്കം ജോലി തുടങ്ങിയ ആവശ്യങ്ങൾക്ക് ബോണ്ട് നൽകാനും മുദ്രപ്പത്രം ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഇതിനിടെ ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസം ആയിരത്തിെൻറ മുദ്രപ്പത്രം ചില വെണ്ടർമാർക്ക് ലഭിച്ചതായി പറയുന്നു. എന്നാൽ, പിന്നീട് അത് ലഭിച്ചിട്ടില്ല.
ജില്ല ട്രഷറിയിലെ സ്റ്റാമ്പ് ഡിപ്പോയിൽനിന്നാണ് വെണ്ടർമാർക്കും സബ് ട്രഷറികളിലേക്കും മുദ്രപ്പത്രം വിതരണം ചെയ്യുന്നത്. പലപ്പോഴും ജില്ല ട്രഷറിയിൽ മുദ്രപ്പത്രം വന്നാൽ അമ്പതെണ്ണമാണ് റേഷനായി ഓരോ വെണ്ടർമാർക്കും കിട്ടുക. ഭൂരിപക്ഷം വരുന്ന ആധാരമെഴുത്തുകാരായ വെണ്ടർമാർക്ക് ലഭിക്കുന്ന മുദ്രപ്പത്രം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനേ തികയാറുള്ളൂ. ഇതോടെ പൊതുജനങ്ങൾക്ക് മുദ്രപ്പത്രം തീരെ ലഭിക്കാത്ത സ്ഥിതിയാണ്. മൂല്യം കുറഞ്ഞ മുദ്രപ്പത്രങ്ങൾ മൂല്യം വർധിപ്പിച്ച് വിതരണം ചെയ്യുന്ന നടപടികളും ഇപ്പോൾ കാര്യമായി നടക്കുന്നില്ല. തിരുവനന്തപുരത്തുള്ള സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ സ്റ്റോക്കുള്ള 50, 100 രൂപയുടെ സ്റ്റാമ്പുകൾ ലഭ്യതയനുസരിച്ച് അടുത്ത ദിവസം നിയന്ത്രിത രീതിയിൽ നൽകുമെന്ന് അറിയിച്ചതായി എറണാകുളത്തെ ചില വെണ്ടർമാർ പറഞ്ഞു. എന്നാൽ, ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഇത് ലഭ്യമാകുമോയെന്ന് വ്യക്തതതയില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.