കാക്കനാട് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ ഉടക്കുമായി ഉദ്യോഗസ്ഥർ; അലംഭാവമെന്ന് ഉമ തോമസ് എം.എൽ.എ
text_fieldsകാക്കനാട്: ജില്ല ആസ്ഥാനമായ കാക്കനാട്ടെ കുടുംബാരോഗ്യ കേന്ദ്രത്തിൽ അനുവദിച്ച ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്നതിനെ ചൊല്ലി ഭിന്നാഭിപ്രായം. ഡയാലിസിസ് സെന്റർ ആരംഭിക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകണമെന്ന് ആവശ്യപ്പെട്ട് ഉമ തോമസ് എം.എൽ.എ ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയിരുന്നു. അതേസമയം, അനാവശ്യമായ സാങ്കേതികത്വങ്ങൾ പറഞ്ഞ് വകുപ്പിലുള്ളവർ പദ്ധതി മുന്നോട്ട് കൊണ്ടുപോകാതെ അലംഭാവം കാണിക്കുന്നുവെന്നാണ് ആക്ഷേപം.
ഉമ തോമസ് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ തന്നെയാണ് ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. അനുമതി ലഭിച്ച് ഒന്നര വർഷമായിട്ടും നടപ്പാക്കാതെ ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുന്നുവെന്നാണ് ആരോപണം. ഫിസിഷ്യൻ, ടെക്നീഷൻ എന്നിവർ ഉൾപ്പെടെ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കാൻ ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഇവിടെയില്ലെന്നും യൂനിറ്റ് ആരംഭിക്കാനാകില്ലെന്നുമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. ഇതിന് പുറമെ താലൂക്ക് ആശുപത്രികൾക്ക് മാത്രമേ ഡയാലിസിസ് യൂനിറ്റുകൾ ആരംഭിക്കാൻ അനുമതിയുള്ളൂ എന്നാണ് ഇവരുടെ നിലപാടെന്നും എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് തൃക്കാക്കര നഗരസഭ സ്വന്തം നിലക്ക് ഫിസിഷ്യൻ, ടെക്നീഷൻ ഉൾപ്പെടെയുള്ളവരെ നിയമിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, എറണാകുളത്ത് പ്രവർത്തിക്കുന്ന ജില്ല മെഡിക്കൽ ഓഫിസ് ഇവിടേക്ക് മാറ്റിസ്ഥാപിക്കാനുള്ള നീക്കം നടക്കുന്നതായും ആക്ഷേപമുണ്ട്. ഇതിനു വേണ്ടിയാണ് ഡയാലിസിസ് യൂനിറ്റ് വൈകിപ്പിക്കുന്നതെന്നാണ് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ആരോപണം.
ഇവിടെ കിടത്തിച്ചികിത്സ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുന്നതും ആലോചിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതിനും ഫിസിഷ്യൻ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ആവശ്യമില്ലേയെന്ന് എം.എൽ.എ ചോദിക്കുന്നു.
തൃക്കാക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ 7000 സ്ക്വയർ ഫീറ്റ് വരുന്ന ഭാഗം നിലവിൽ വെറുതെ കിടക്കുകയാണ്. ഇവിടെ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കാനാണ് അനുമതി ലഭിച്ചത്.
മുൻ തൃക്കാക്കര എം.എൽ.എമാരായിരുന്ന ബെന്നി ബഹനാൻ, പി.ടി. തോമസ് എന്നിവരുടെ ആസ്തിവികസന ഫണ്ടുകളിൽനിന്ന് 1.20 കോടി രൂപയാണ് കേരള മെഡിക്കൽ സർവിസ് കോർപറേഷൻ മുഖേന ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കാൻ അനുവദിച്ചത്. 2021 സെപ്റ്റംബർ ഒന്നിനായിരുന്നു സർക്കാർ അനുമതി നൽകിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.