ആലുവ-പെരുമ്പാവൂർ റോഡിൽ ‘മെറ്റൽ പാത’യിലൂടെ സാഹസിക യാത്ര
text_fieldsകീഴ്മാട്: ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ ജനങ്ങൾക്ക് ‘സാഹസിക യാത്ര’ ഒരുക്കി ജൽജീവൻ മിഷൻ. റോഡിൽ ദുരിതയാത്ര തുടങ്ങിയിട്ട് മാസങ്ങളായി. ജൽജീവൻ മിഷൻ പദ്ധതിക്കായി മാസങ്ങളായി നടക്കുന്ന പ്രവൃത്തിക്കായി റോഡിൽ മെറ്റൽ നിരത്തിയതാണ് ജനങ്ങൾക്ക് ദുരിതമാകുന്നത്. പദ്ധതിക്കായി ചാലക്കൽ പകലോമറ്റം മുതൽ തോട്ടുമുഖം വരെയാണ് പ്രവൃത്തികൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി റോഡിനിരുവശവും കുഴിച്ചുള്ള പൈപ്പിടൽ ജോലികൾ പൂർത്തിയാ. എന്നാൽ, അനുബന്ധ ജോലികൾ നടക്കുന്നതേയുള്ളൂ. ഇതാകട്ടെ ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്.
പൈപ്പിടുന്നതിന് വേണ്ടി താഴ്ത്തിയ ചാലക്കൽ പകലോമറ്റം മുതലുള്ള ഭാഗത്തെ റോഡിനിരുവശവും വലിയ മെറ്റൽ കഷണങ്ങൾ പാകിയിട്ടുണ്ട്. ഇത് ഉറപ്പിക്കുന്നതിന് പേരിന് റോളർ ഉപയോഗിച്ചെങ്കിലും ചാലക്കൽ മുതൽ തോട്ടുമുഖം വരെയുള്ള ഭാഗങ്ങളിൽ റോഡിനിരുവശവും മെറ്റലുകൾ നിരന്ന് കിടക്കുകയാണ്. ഈ മെറ്റൽ കഷണങ്ങളിൽ കൂടി വേണം ആളുകൾക്ക് യാത്ര ചെയ്യാൻ.
പലപ്പോഴും അപകടങ്ങളും പതിവായിട്ടുണ്ട്. ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്. ടാറിങ് ഭാഗം കഴിഞ്ഞുള്ള റോഡിനിരുവശങ്ങളിലേക്കും വാഹനങ്ങൾ ഒതുക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. അതിനാൽ, വാഹനങ്ങൾ തിങ്ങിനിരങ്ങി പോകേണ്ട അവസ്ഥയിലാണ്. റോഡിൽ പലയിടങ്ങളിലും കുറുകെയായി കുഴികൾ കുഴിച്ചിട്ടുണ്ട്. ഇതിൽ ചാടിയുള്ള അപകടങ്ങളും പതിവായിട്ടുണ്ട്. പൈപ്പ് ഇടുന്നതിന്റെ അനുബന്ധ പ്രവൃത്തികൾക്കായി കുഴിച്ച ഭാഗങ്ങളിൽ അഞ്ചും ആറും പ്രാവശ്യമാണ് കുഴിച്ചുകൊണ്ടിരിക്കുന്നത്. ഇതുമൂലം ഗതാഗത തടസ്സവും പതിവാണ്.
പരാതികൾ അവഗണിച്ച് അധികൃതർ
റോഡിലെ പ്രശ്നങ്ങൾക്കെതിരെ പല തവണ പരാതികൾ നൽകിയിരുന്നു. ദുരിതയാത്ര അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൗരാവകാശ സംരക്ഷണ സമിതിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. ഏറ്റവും തിരക്കുള്ള റോഡിലെ അവസ്ഥ കണ്ടില്ലെന്ന മട്ടിലാണ് അധികൃതർ.
കാലവർഷം ആരംഭിക്കുന്നതിനും സ്കൂൾ തുറക്കുന്നതിനും ഒരുമാസം മാത്രം ബാക്കി നിൽക്കെ ഇപ്പോഴും ജൽജീവൻ മിഷൻ പദ്ധതി പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നതേയുള്ളു. ഇത് എന്ന് പൂർത്തിയാകുമെന്ന് പറയാൻ ഉദ്യോഗസ്ഥർക്കാവുന്നില്ല. മാസങ്ങൾക്ക് മുമ്പ് പൂർത്തിയാവേണ്ട ആലുവ-പെരുമ്പാവൂർ റോഡിലെ ടാറിങ്ങും ഇതുമൂലം വൈകുകയാണ്. കാലവർഷം ആരംഭിക്കുന്നതോടെ ബാക്കിയുള്ള ഭാഗങ്ങളിൽ ടാറിങ് നടത്താൻ പറ്റാത്ത അവസ്ഥയാണുണ്ടാവുക.
റോഡ് തകർന്നതുമൂലം മാറമ്പിള്ളി സ്വദേശിയുടെ മരണത്തിന് വരെ ഇടയായചാലക്കൽ-ആലുവ ഭാഗത്തെ ടാറിങ് ജോലികൾ കാലാവർഷം മൂലം ചെയ്യാൻ പറ്റാതെ വരും. നിലവിൽ പെരുമ്പാവൂർ മുതൽ പകലോമറ്റം വരെയാണ് ടാറിങ് പൂർത്തിയായത്. പകലോമറ്റം മുതൽ ആലുവ വരെ ഇനി ടാറിങ് നടക്കേണ്ടതുണ്ട്. ജൽജീവന് മിഷൻ പ്രവൃത്തികൾ വൈകുന്നത് മൂലം ഈ ഭാഗത്ത് ടാറിങ്ങും വൈകുകയാണ്.
പല തവണ നിവേദനങ്ങളും മറ്റും നൽകിയിട്ടും മൃദുസമീപനം സ്വീകരിക്കുന്ന അധികാരികൾക്കെതിരെ ജനങ്ങൾ ക്ഷുഭിതരാണ്. മാത്രമല്ല, ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കാൻ വേണ്ട നടപടികൾ ഉണ്ടാവുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ഇനിയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിച്ച കൊണ്ടുള്ള ഈ പ്രവൃത്തികൾ തുടരാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകാനൊരുങ്ങുകയാണ് ജനങ്ങൾ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.