ഓണവും വിലക്കുറവും; മലയാളികൾക്ക് സ്വർണം വാങ്ങാൻ ബെസ്റ്റ് ടൈം
text_fieldsകൊച്ചി: കേരളത്തിൽ വിവാഹ സീസണും ആഘോഷനാളുകളും തുടങ്ങുമ്പോൾ മൂന്നുമാസത്തെ കുറഞ്ഞ നിരക്കിൽ സ്വർണം. ശനിയാഴ്ച സ്വർണവില ഗ്രാമിന് 75 രൂപ കുറഞ്ഞ് 4385 രൂപയും പവന് 600 കുറഞ്ഞ് 35,080 രൂപയിലും എത്തി. അടുത്ത ദിവസങ്ങളിലും വിലക്കുറവിനാണ് സാധ്യതയെങ്കിലും വൈകാതെ വർധിക്കുമെന്നാണ് സൂചന.
2020 ആഗസ്റ്റ് ഏഴിനാണ് സ്വർണം എക്കാലത്തെയും ഉയർന്ന വിലയിൽ എത്തിയത്. ഗ്രാമിന് 5250 രൂപയും പവൻ വില 42,000 രൂപയുമായിരുന്നു അന്ന്. ഒരു വർഷത്തിനിടെ വിലവ്യത്യാസം ഗ്രാമിന് 865 രൂപയും പവന് 6920 രൂപയുമായി. അന്നത്തെ വിലയിൽനിന്ന് 16.5 ശതമാനം കുറവ് വന്നുവെന്നത് സുരക്ഷിത നിക്ഷേപമെന്ന സ്വർണത്തിെൻറ മാറ്റ് കുറക്കുന്നില്ല. ശനിയാഴ്ച അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് 1763 ഡോളറും വിനിമയ നിരക്ക് 74.17 രൂപയുമാണ്. ഒരു കിലോ തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് 47,00,000 രൂപയിലാണ്. ഉയർന്ന സ്വർണവില നിലനിന്ന കഴിഞ്ഞ വർഷം ആഗസ്റ്റ് ഏഴിന് അന്താരാഷ്ട്ര സ്വർണവില 2080 ഡോളറിലായിരുന്നു. വിനിമയനിരക്ക് അന്ന് 74.85 രൂപയും. തങ്കക്കട്ടിക്ക് കിലോക്ക് ബാങ്ക് നിരക്ക് 57,00,000 രൂപയുമായിരുന്നു.
2021 മാർച്ച് 31ന് സ്വർണവില ഗ്രാമിന് 4110 രൂപയും പവന് 32,880 രൂപയുമായി കുറഞ്ഞെങ്കിലും പിന്നീട് വില വർധിച്ച് ഗ്രാമിന് 4680 രൂപ വരെ എത്തി. വീണ്ടും കുറഞ്ഞുവരുന്ന പ്രവണതയും ചാഞ്ചാട്ടവുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. കേരളത്തിൽ കോവിഡ് അടച്ചിടൽ മാർച്ച് മുതൽ തുടർന്നതിനാൽ വളരെക്കുറച്ച് ദിവസങ്ങളിൽ മാത്രമായിരുന്നു കച്ചവടം നടന്നത്. ഇപ്പോഴും വ്യാപാരം മന്ദഗതിയിലാണ്.
വിവാഹ ആഘോഷങ്ങൾക്കും മറ്റും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയത് വ്യാപാരതോതിൽ കുറവ് അനുഭവപ്പെടുന്നു. ആവശ്യങ്ങൾക്കുവേണ്ടി സ്വർണം വിറ്റഴിക്കുന്ന പ്രവണതയും കൂടുതലാണ്. ഓണം, വിവാഹ സീസൺ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സ്വർണവിപണി. ആഭരണമായി അണിയാനും ആവശ്യം വരുമ്പോൾ എളുപ്പം പണമാക്കി മാറ്റാനും സ്വർണത്തെ തന്നെയാണ് ആശ്രയിക്കുന്നത്. ആളോഹരിയിൽ ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ളത് കേരളത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.