ഓണം വന്നാലും ഉണ്ണി പിറന്നാലും സ്മാർട്ട് ഫോൺ വേണം...
text_fieldsകൊച്ചി: ഓണം വന്നാലും ഉണ്ണി പിറന്നാലും സ്മാർട്ട് ഫോൺ ഒന്നെങ്കിലും വാങ്ങണമെന്നാണ് മലയാളികളുടെ പുതുശീലം. സമ്പൂർണ ലോക്ഡൗണിന് ശേഷം സ്കൂളുകളും ഓഫിസുകളും തുറന്നതോടെ സ്മാർട്ട് ഫോണുകൾ ന്യൂ നോർമലിെൻറ ഭാഗമായി. ഓൺലൈൻ ക്ലാസുകളും വർക് അറ്റ് ഹോമും ആരംഭിച്ചത് ലാപ്ടോപ്പ്, ടാബ്, മൊബൈൽ, വൈഫൈ റൂട്ടർ തുടങ്ങി ട്രൈപ്പോഡുകൾക്ക് വരെ ചാകരക്കാലമായി.
'ജനുവരിയിൽ നിന്ന് ജൂലൈയിൽ എത്തിയപ്പോൾ സ്മാർട്ട് ഫോൺ, ലാപ്ടോപ്പ് എന്നിവയുടെ വിൽപനയിൽ 30 ശതമാനം വളർച്ചയാണ് കേരളത്തിൽ ആകെ ഉണ്ടായത്. ഒരുമാസം 1.5 മുതൽ 1.7 ലക്ഷം സ്മാർട്ട് ഫോണുകളുടെ വിൽപനയാണ് സാധാരണ ഉണ്ടാകുക. ജൂലൈയിൽ അത് രണ്ടര ലക്ഷമായി ഉയർന്നു. ഓണക്കാലത്ത് വീണ്ടും വിൽപനയിൽ വർധനവുണ്ടാകും' -പ്രമുഖ സ്മാർട്ട് ഡിവൈസസ് ഡീലറായ ടെക്ക്യുവിലെ യാസർ അറാഫത്ത് പറയുന്നു.
ലാപ്ടോപ്പുകളുടെ വിൽപനയിലും സമാനമായ വളർച്ചയാണ് ഉണ്ടായത്. 20,000 മുതൽ 22,000 എണ്ണം വരെ ഓരോ മാസവും കേരളത്തിൽ വിൽക്കപ്പെടുന്നു. സാധാരണ 12,000 ലാപ്ടോപ്പുകൾ വിൽക്കപ്പെട്ടിരുന്ന അവസ്ഥയിൽ നിന്ന് 30 ശതമാനം വരെ വളർച്ച കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായി. രാജ്യത്തെ തന്നെ ഫെസ്റ്റിവൽ സീസണിെൻറ തുടക്കമാണ് കേരളത്തിൽ ഓണം. സെപ്റ്റംബർ അവസാനത്തോടെയാണ് ഓണ വിൽപന പൂർണമാകുക.
ൈചനീസ് നിർമിതമായ ഫോണുകൾക്കും മറ്റ് ഉപകരണങ്ങൾക്കും ഒരുവിധ നിയന്ത്രണവും വന്നിട്ടില്ല. രാജ്യത്ത് വിൽക്കപ്പെടുന്ന നൂറിൽ 60-65 സ്മാർട്ട് ഫോണും ചൈനീസ് ബ്രാൻഡുകളാണ്. ഇതിന് പകരമായി മറ്റൊന്നും വരുന്നില്ല. ചൈനീസ് ആപ്പുകൾക്ക് മാത്രമാണ് നിരോധനം.
എങ്കിലും കണ്ടെയ്നർ ടെർമിനലിൽ ചൈനയിൽനിന്നും വരുന്ന കൺസൈൻമെൻറുകൾ പരിശോധനയുടെ പേരിൽ കൂടുതൽ ദിവസങ്ങൾ പിടിച്ചുവെക്കുന്നത് വിപണിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.'കൂടുതൽ പേരും തേടി വരുന്നത് 10,000 മുതൽ 20,000 രൂപ വരെ വിലയിലുള്ള സ്മാർട്ട് ഫോണുകളാണ്. ലാപ്ടോപ്പുകളിൽ 20,000 മുതൽ 30,000 രൂപ വരെയുള്ളതിനാണ് കൂടുതൽ ഡിമാൻഡ്. ഈ റെയ്ഞ്ചിലുള്ളവക്ക് വിപണിയിൽ ക്ഷാമമാണ്. വരുന്ന ലോട്ടുകൾ പെട്ടെന്ന് തന്നെ വിറ്റുപോകുന്നു. കൃത്യമായി ബ്രാൻഡും മറ്റ് സ്പെസിഫിക്കേഷനുകളും മനസ്സിലാക്കി വരുന്നവരാണ് ന്യൂജെൻ എന്നതാണ് വിപണിയിലെ മറ്റൊരു കൗതുകം' -യാസർ പറയുന്നു.
ഇക്കുറി സീറോ ഡൗൺപേമെൻറിൽ ലോൺ അനുവദിക്കുന്നതിൽ ധനകാര്യസ്ഥാപനങ്ങൾ മടി കാണിക്കുന്നുണ്ട്. ലോക്ഡൗണിനെ തുടർന്നുള്ള സാഹചര്യങ്ങളാണ് അവർ കാരണമായി പറയുന്നത്. ഇത് വിപണിയെ ദോഷകരമായി ബാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.