ഓൺലൈൻ തട്ടിപ്പ്; കാർ വാങ്ങാൻ ശ്രമിച്ച യുവാവിന് 32,000 രൂപ നഷ്ടപ്പെട്ടു
text_fieldsപറവൂർ: ഓൺലൈൻ സൈറ്റിലൂടെ കാർ വാങ്ങാൻ 32,000 രൂപ നൽകിയ യുവാവ് തട്ടിപ്പിനിരയായി. പെരുമ്പടന്ന സ്വദേശിയായ എബി പൗലോസാണ് തട്ടിപ്പിനിരയായതായി പറവൂർ പൊലീസിൽ പരാതി നൽകിയത്.
പ്രമുഖ ഓൺലൈൻ സൈറ്റിൽ കണ്ട കാർ വാങ്ങുന്നതിന് ഫോണിലൂടെ ബന്ധപ്പെട്ട എബിയോട് കാറിെൻറ ഉടമയാണെന്ന് തെറ്റിദ്ധരിപ്പിച്ച അമിത്കുമാർ ഹിന്ദിയിലായിരുന്നു സംസാരിച്ചത്.
എബിക്ക് ഹിന്ദി അറിയാത്തതിനാൽ സമീപവാസിയുടെ സഹായത്തോടെ വിവരങ്ങൾ അറിഞ്ഞു. തിരുവനന്തപുരം പാങ്ങോട് മിലിറ്ററി കാൻറീൻ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തി. വിശ്വസിപ്പിക്കാൻ ആർമിയുടെ തിരിച്ചറിയൽ കാർഡ്, ആധാർ, ലൈസൻസ് എന്നിവ ഇയാൾ അയച്ചുകൊടുത്തു. വിഡിയോ കാൾ വിളിച്ചപ്പോൾ സംസാരിച്ചെങ്കിലും മുഖം കാണിച്ചില്ല.
ഇതിന് മറുപടി പറഞ്ഞത് ക്യാമ്പിൽ ഇതിനെല്ലാം നിയന്ത്രണമുണ്ടെന്നായിരുന്നു. വാഹനം വാങ്ങാൻ തിരുവനന്തപുരത്ത് എത്താമെന്ന്് അറിയിച്ചപ്പോൾ കോവിഡ് കാരണം ഇവിടെ ആരെയും കയറ്റില്ലെന്നായിരുന്നു മറുപടി.
വാഹനം ആർമിയുടെ പാഴ്സൽ വാഹനത്തിൽ അയക്കാമെന്ന്് അറിയിച്ചു. ഇതിനുള്ള തുക ആദ്യം ഗൂഗിൾ പേയിലൂടെ വാങ്ങി. ആർമി പാഴ്സലിൽ അയച്ച വിവരങ്ങളുടെ രശീതും അയച്ചുകൊടുത്തു. പിന്നീട് പലതവണയായി ഓരോ കാര്യങ്ങൾ പറഞ്ഞ് പണം വാങ്ങി.
കാർ പറഞ്ഞ സമയത്ത് എത്താതായപ്പോൾ 50,000 രൂപ കൂടി അയക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നിയാണ് കാറിെൻറ കൂടുതൽ വിവരങ്ങൾ തേടിയത്. വിൽപനക്ക് കാണിച്ചിരുന്ന കാർ കൊട്ടാരക്കര സ്വദേശിയുടേതാണെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലായത്. പിന്നീടാണ് എല്ലാ വിവരങ്ങളടക്കം പറവൂർ പൊലീസിൽ പരാതി നൽകിയത്. തട്ടിപ്പ് നടത്താൻ ഉപയോഗിച്ച ഫോണും ബാങ്ക് അക്കൗണ്ടും ഉത്തരേന്ത്യയിൽനിന്നാണെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.