ഭൂമി കൈയേറ്റം, റേ ഭവനപദ്ധതി: കൊച്ചി കൗൺസിൽ യോഗത്തിൽ വീണ്ടും പ്രതിപക്ഷ ബഹളം
text_fieldsകൊച്ചി: കോർപറേഷൻ ഉടമസ്ഥതയിലെ ഭൂമി അന്യാധീനപ്പെട്ടതിലും, റേ പദ്ധതിയുമായി ബന്ധപ്പെട്ട ഭവന സമുച്ചയം പുനരാരംഭിക്കുന്നതിനുള്ള അജണ്ട ചർച്ചക്ക് കൊണ്ടുവരാത്തതിലും കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം. പ്രതിപക്ഷ പാർട്ടി നേതാവ് കെ.ജെ. ആൻറണിയാണ് എം.ജി റോഡിലെ 16 സെൻറ് ഭൂമി അന്യാധീനപ്പെട്ടത് സംബന്ധിച്ച വിഷയം യോഗത്തിൽ ഉന്നയിച്ചത്.
ഈ വിഷയം മുമ്പ് നിരവധി തവണ ഉന്നയിച്ചിട്ടും ഭൂമി സംരക്ഷിക്കാനുള്ള നടപടി ഉണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതേതുടർന്ന് മേയർ, ഡെപ്യൂട്ടി മേയർ, പ്രതിപക്ഷ പാർട്ടി നേതാവ് എന്നിവരടങ്ങുന്ന സംഘം തിങ്കളാഴ്ച എം.ജി റോഡിലെ സ്ഥലംസന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ തീരുമാനമായി. ഈ വിഷയത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കൈയേറ്റക്കാരെ ഒഴിപ്പിച്ച് ചുറ്റുമതിൽ കെട്ടിസ്ഥലം സംരക്ഷിക്കുമെന്നും മേയർ സൗമിനി ജയിൻ അറിയിച്ചു. മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുമായിരുന്ന സ്വച്ച്ഭാരത് മിഷെൻറ 41 കോടി യുടെ പദ്ധതി നഷ്ടപ്പെടുത്തിയെന്ന് എൽ.ഡി.എഫ് പാർലിമെൻററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രൻ ചൂണ്ടിക്കാട്ടി.
റേ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കായി കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് 21 കോടി അനുവദിച്ചിട്ടും മേയർ ഇതുസംബന്ധിച്ച അജണ്ട കൗൺസിലിൽ കൊണ്ടുവരാതെ വച്ചുതാമസിപ്പിച്ചതായി ബെനഡിക്ട് ഫെർണാണ്ടസ് ആരോപിച്ചു. ടെൻഡർ നടപടികൾ അടിയന്തരമായ സ്വീകരിച്ച് 198 കുടുംബങ്ങളുടെ സ്വപ്നമായ ഭവനസമുച്ചയത്തിെൻറ പണിയാരംഭിക്കാൻ കോർപറേഷൻ തയാറാകേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, പൂർണിമ നാരായണൻ, എ.ബി. സാബു, മിനിമോൾ, എം.ജി. അരിസ്റ്റോട്ടിൽ, എലിസബത്ത് ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.