തൃക്കാക്കര നഗരസഭ അധ്യക്ഷക്കെതിരെ വിജിലൻസിൽ പരാതിയുമായി പ്രതിപക്ഷം
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെതിരെ പ്രതിപക്ഷ കൗൺസിലർമാർ വിജിലൻസിന് പരാതി നൽകി. ഔദ്യാഗിക കൃത്യനിർവഹണത്തിലെ വീഴ്ചയും പദവി ദുർവിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും സ്വജനപക്ഷപാതവും അഴിമതിയും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് എം. കെ. ചന്ദ്രൻ ബാബുവിനെ നേതൃത്വത്തിൽ അഞ്ച് കൗൺസിലർമാർ വിജിലൻസ് ഡയറക്ടറെ സമീപിച്ചത്.
മാർച്ച് 31 ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിന്‍റെ മിനിറ്റ്സ് നൽകാത്തതുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളാണ് പരാതിയിലേക്ക് നയിച്ചത്. കൗൺസിൽ യോഗം കഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളിൽ മിനിറ്റ്സ് കൗൺസിലർമാർക്ക് ലഭ്യമാക്കണമെന്നാണ് ചട്ടം. എന്നാൽ, ഇത് നൽകിയില്ലെന്ന് ആരോപിച്ച് പിന്നീട് നടന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ബഹളം വെക്കുകയും യോഗം പിരിച്ചുവിടുകയും ചെയ്തിരുന്നു.
വാക്ക് തർക്കത്തിനിടെ മോശമായി പെരുമാറി എന്നാരോപിച്ച് അജിതക്കെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ തൃക്കാക്കര പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് നൽകിയ മിനിറ്റ്സിൽ നിന്നും പരാതി നൽകിയ കൗൺസിലർമാരുടെ ഉൾപ്പെടെയുള്ള വാർഡുകളിലെ പൊതുമരാമത്ത് പ്രവർത്തനങ്ങൾ മാറ്റിവെച്ചതായാണ് കൗൺസിലർമാരുടെ ആരോപണം. ഈ മിനിറ്റ്സുകൾ സെക്രട്ടറിയുടെ അനുവാദമില്ലാതെയാണ് നൽകിയിരിക്കുന്നതെന്നും ഇതിനുമുമ്പ് നടന്ന യോഗങ്ങളിലും അധ്യക്ഷ തെറ്റായ വിവരങ്ങൾ ആണ് രേഖപ്പെടുത്തുന്നതെന്നും വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.