ഓർഡർ ചെയ്തത് പ്രഷർ മോണിറ്റർ; ഫ്ലിപ്കാർട്ടിൽനിന്ന് എത്തിയത് ഇഷ്ടിക
text_fieldsകൊച്ചി: രക്തസമ്മർദം വീട്ടിലിരുന്ന് പരിശോധിക്കാൻ ഓൺലൈനിൽ ഓർഡർ ചെയ്തത് പ്രഷർ മോണിറ്റർ, ലഭിച്ചതാകട്ടെ ഇഷ്ടികക്കഷണം. കൊച്ചി കലൂർ ദേശാഭിമാനി റോഡിൽ കമ്പ്യൂട്ടർ സെയിൽസ് ആൻഡ് സർവിസ് ഷോപ് നടത്തുന്ന അബ്ദുറഹ്മാൻ മൂപ്പനാണ് ഫ്ലിപ്കാർട്ടിൽ ദുരനുഭവമുണ്ടായത്.
ഇതുസംബന്ധിച്ച് അദ്ദേഹം ഫ്ലിപ്കാർട്ട് ഉപഭോക്തൃ സേവനകേന്ദ്രത്തിൽ പരാതി നൽകി. ഈ മാസം 23നാണ് അബ്ദുറഹ്മാന് ഓർഡർ ചെയ്ത സാധനം കടയിൽ ലഭിച്ചത്.
ഡോ. മോർപെൻ എന്ന കമ്പനിയുടെ ഉൽപന്നമാണ് തെരഞ്ഞെടുത്തത്. പണമടച്ച് തുറന്നു നോക്കിയപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത്. ഉൽപന്നത്തിന്‍റെ പേരും പരസ്യവുമുൾപ്പെടെയുള്ള പെട്ടിക്കുള്ളിൽ പൊട്ടിപ്പൊളിഞ്ഞ ഇഷ്ടികക്കഷണമാണ് ഉണ്ടായിരുന്നത്. ഉടൻ ഫ്ലിപ്കാർട്ട് കസ്റ്റമർ കെയറിൽ പരാതി അറിയിച്ചു. പരാതി രേഖപ്പെടുത്തിയിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിൽ പരിഹാരം കാണാമെന്നുമായിരുന്നു പ്രതികരണം. എന്നാൽ, പരാതിയിൽ പ്രോസസിങ് നടക്കുകയാണെന്ന സന്ദേശം ലഭിച്ചിട്ടുണ്ടെന്നല്ലാതെ മൂന്നു ദിവസമായിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുമ്പ് ഫ്ലിപ്കാർട്ടിൽനിന്നുൾപ്പെടെ പല ഉൽപന്നങ്ങളും വാങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നതെന്നും അബ്ദുറഹ്മാൻ മൂപ്പൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.