പുറയാർ റെയിൽവേ മേൽപാലത്തിനുസമീപം കത്തിച്ചത് പെയിൻറിങ് കമ്പനി മാലിന്യം
text_fieldsദേശം: പുറയാർ റെയിൽവേ പാലത്തിനുസമീപവും പുഴയോരത്തും മറ്റും മാലിന്യം തള്ളുകയും കത്തിച്ച് ഭീതി പടർത്തുകയും ചെയ്ത സംഭവത്തിൽ സ്വകാര്യ പെയിൻറിങ് കമ്പനിക്കും ആക്രി കച്ചവടം നടത്തുന്നവർക്കുമെതിരെ ചെങ്ങമനാട് പഞ്ചായത്തും റെയിൽവേ പൊലീസും നടപടി ആരംഭിച്ചു.
അഗ്നിരക്ഷാസേന തീവ്രശ്രമം നടത്തി രാത്രിയോടെ ശമനമുണ്ടാക്കിയെങ്കിലും തിങ്കളാഴ്ച രാവിലെയും തീ അണഞ്ഞിരുന്നില്ല. പിന്നീട് നാട്ടുകാർ ഏറെ ക്ലേശിച്ചാണ് കെടുത്തിയത്.
അതിനിടെ, സ്വകാര്യവ്യക്തിയുടെ പറമ്പിൽ ചാക്കിൽ കെട്ടി തള്ളിയ മാലിന്യം പഞ്ചായത്ത് അംഗങ്ങളായ നഹാസ് കളപ്പുരയിലിന്റെ കെ.ഇ. നിഷയുടെയും നേതൃത്വത്തിൽ പരിശോധിച്ചപ്പോൾ അങ്കമാലി ചെമ്പന്നൂർ വ്യവസായ മേഖലയിലെ സ്വകാര്യ പെയിന്റിങ് കമ്പനിയിൽനിന്ന് ഒഴിവാക്കിയതാണെന്ന് കണ്ടെത്തി.
പഞ്ചായത്ത് അധികൃതർ കമ്പനിയുമായി ബന്ധപ്പെട്ടതോടെ പുതുവത്സരത്തിന്റെ ഭാഗമായി മാലിന്യം ഒഴിവാക്കാൻ ചെങ്ങമനാട് കിഴക്കേ ദേശത്തുള്ള ആക്രി കച്ചവടക്കാർക്ക് നൽകിയതെന്നായിരുന്നു വിശദീകരണം. അധികൃതർ ആക്രി കച്ചവട സ്ഥാപനത്തിലെത്തി അന്വേഷിച്ചപ്പോൾ കമ്പനിയിലെ ആക്രി ഒഴികെയുള്ള മാലിന്യം മലയാറ്റൂരുള്ള വ്യക്തിക്ക് കൈമാറിയെന്നും വെളിപ്പെടുത്തുകയായിരുന്നു.
എന്നാൽ, മാലിന്യം തള്ളിയതോ കത്തിച്ചതോ ആരാണെന്ന് തങ്ങൾക്ക് അറിയില്ലെന്നായിരുന്നു തമിഴ്നാട് സ്വദേശികളായ ആക്രി സ്ഥാപന ഉടമകൾ പറഞ്ഞത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഉടൻ അടച്ചുപൂട്ടാൻ പഞ്ചായത്ത് നോട്ടീസ് നൽകി. റെയിൽവേ പൊലീസും പെയിന്റിങ് കമ്പനിക്കും ആക്രി സ്ഥാപനത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്.
അങ്കമാലി നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന പെയിൻറിങ് കമ്പനി ചെങ്ങമനാട് പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അങ്കമാലി നഗരസഭ സെക്രട്ടറിക്കും ചെങ്ങമനാട് പഞ്ചായത്ത് പരാതി നൽകും.
അനുമതിയില്ലാതെ തങ്ങളുടെ പറമ്പിൽ മാലിന്യം നിക്ഷേപിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പുറയാർ ഗാന്ധിപുരം സ്വദേശി അബ്ദുൽ റഷീദും ചെങ്ങമനാട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.