ചക്കയേക്കാള്‍ കേമനായി ആഞ്ഞിലിച്ചക്ക; കിലോഗ്രാമിന് 250 രൂപ വരെ വില
text_fieldsപള്ളിക്കര (എറണാകുളം): ഒരിടവേളക്കു ശേഷം ആഞ്ഞിലിച്ചക്ക മലയാളിയുടെ തീന് മേശയിൽ ഇടംപിടിക്കുന്നു. നാടനും വിദേശിയുമായ വിവിധ പഴങ്ങള്‍ വിപണി കീഴടക്കുമ്പോള്‍, മലയാളിയുടെ നാവില്‍ ഒരുകാലത്ത് മധുരത്തിന്റെ തേന്‍കനി ഒരുക്കിയ ആഞ്ഞിലിപ്പഴത്തെ പുതുതലമുറ ഏറ്റെടുത്തതായാണ് കച്ചവടക്കാര്‍ പറയുന്നത്. വിലയിൽ ചക്കയേക്കാൾ മുന്നിൽ നിൽക്കുന്നത് ആഞ്ഞിലിച്ചക്കയാണ്. ഒരുകിലോക്ക് 200 രൂപയാണ് വില. ഒരെണ്ണത്തിന് 50 രൂപവരും.
പഴ വിപണിയില്‍ വന്‍ ഡിമാന്റായതോടെ ആഞ്ഞിലിച്ചക്ക അന്വേഷിച്ച് നാട്ടിന് പുറങ്ങളിലേക്കും ആളെത്തിത്തുടങ്ങി. ചക്കക്കും മാങ്ങക്കുമൊപ്പം നാട്ടിലെയും നഗരത്തിലെയും വഴിയോരങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ആഞ്ഞിലിച്ചക്കകള്‍ വില്പനക്കെത്തി കഴിഞ്ഞു. കാക്ക കൊത്തി താഴെയിട്ടും ആര്‍ക്കും വേണ്ടാതെ വീണും ചീഞ്ഞുപോയിരുന്ന ആഞ്ഞിലിച്ചക്ക ഇപ്പോള്‍ എന്തുവിലകൊടുത്തായാലും വാങ്ങാന്‍ ആളുണ്ട്. കീടനാശിനി സാന്നിധ്യമില്ലാത്തതും പോഷക സമൃദ്ധമായ ആഞ്ഞിലിച്ചക്ക സുരക്ഷിതമായി കഴിക്കാം.
നല്ല വലുപ്പവും മധുരവുമുള്ള ആഞ്ഞിലിച്ചക്കക്ക് കിലോഗ്രാമിന് 200 രൂപ മുതല്‍ 250 വരെയാണ് വില. മരത്തില്‍നിന്ന് ചക്ക പറിച്ചെടുക്കുന്നതിനുള്ള കൂലിച്ചെലവാണ് വില വർധിക്കാൻ പ്രധാന കാരണമായി പറയുന്നത്. ഔഷധമായും ആഞ്ഞിലിച്ചക്ക ഉപയോഗിക്കാം. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഔഷധഗുണങ്ങളും ആഞ്ഞിലിച്ചക്കക്കുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.