വെമ്പിള്ളി-പനമ്പേലി തോട്ടിൽ ഇനി തെളിനീരൊഴുകും
text_fieldsപള്ളിക്കര: കാടുകയറി നശിച്ചിരുന്ന വെമ്പിള്ളി-പനമ്പേലിത്താഴം വലിയ തോട്ടിലൂടെ ഇനി തെളിനീരൊഴുകും. കുന്നത്തുനാട് പഞ്ചായത്തിലെ നാല് വാര്‍ഡിലൂടെ കടന്നുപോകുന്ന അഞ്ച് കി.മീറ്റര്‍ തോടാണ് ശുദ്ധീകരിക്കുന്നത്. വെമ്പിള്ളി കിഴക്കേ മോറക്കാലകൂടി കടന്നുപോകുന്ന തോടിന്‍റെ ശുചീകരണം പൂര്‍ത്തീകരിച്ചു. തോട്ടില്‍ കാടുകയറി നീരൊഴുക്ക് തടസ്സപ്പെട്ട സാഹചര്യത്തിലാണ് ശുചീകരണത്തിന് മുന്‍കൈ എടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എം.വി. നിതാമോള്‍ പറഞ്ഞു.
ഇതിന് ജില്ല പഞ്ചായത്തിന്‍റെ മെഷീന്‍ വാടകക്കെടുത്തിട്ടുണ്ട്. തോട് ശുചീകരിച്ചതോടെ നാട്ടുകാരുടെ ഏറെ നാളത്തെ പ്രതിഷേധങ്ങളും ഫലം കണ്ടു. എന്നാല്‍, ശൗചാലയത്തിലേതുൾപ്പെടെ മാലിന്യം തള്ളുന്ന കേന്ദ്രമായി തോടുകള്‍ മാറിയതോടെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. തോടുകളിലേക്ക് ഇറങ്ങിയാല്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടിരുന്നു.
വരും ദിവസങ്ങളില്‍ പാലക്കുഴിത്തോടുകൂടി ട്വന്റി20യുടെ നേതൃത്വത്തില്‍ ശുചീകരിക്കാനുള്ള പദ്ധതിയുണ്ടന്ന് ഭാരവാഹികള്‍ പറഞ്ഞു. ശുചീകരണം പൂര്‍ത്തീകരിച്ചതോടെ ഒഴുക്ക് ശക്തമായി. ഇതോടെ വെമ്പിള്ളി ചക്കാലമുകള്‍ ഭാഗത്ത് കെട്ടിക്കിടന്നിരുന്ന വെള്ളം താഴേക്ക് ഒഴുകുകയാണ്. വേനല്‍ കടുത്തതോടെ ഈ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകും. അതിനാല്‍ ഈ ഭാഗത്ത് തടയണ നിര്‍മിക്കണമെന്നാവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.