ഇൻഡോർ സ്റ്റേഡിയം തന്റെ പേരിന് കിട്ടാവുന്ന വലിയ കളങ്കം -ശ്രീജേഷ്
text_fieldsപള്ളിക്കര: കാടുമൂടിക്കിടക്കുന്ന ഇൻഡോർ സ്റ്റേഡിയം തന്റെ പേരിന് കിട്ടാവുന്ന ഏറ്റവും വലിയ കളങ്കമാണെന്ന് ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ്. പാരിസ് ഒളിമ്പിക്സ് ഹോക്കിയിലെ മിന്നും പ്രകടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീജേഷിന്റെ പേരിൽ അഭിമാനമായി നാട്ടിൽ ഉയരേണ്ട കുന്നത്തുനാട് പഞ്ചായത്ത് സ്റ്റേഡിയമാണ് അധികൃതരുടെ അവഗണന കാരണം പണിതീരാതെ കാടുമൂടി കിടക്കുന്നത്.
നമ്മളെക്കൊണ്ട് നാടിന് വികസനം ഉണ്ടാകണമെന്നും അല്ലെങ്കില്‍, നമ്മളാല്‍ നാടിനെ ലോകമറിയണമെന്നും മാത്രമാണ് എപ്പോഴും ആഗ്രഹിച്ചിട്ടുള്ളത്. സ്റ്റേഡിയത്തിന്റെ പണി തുടങ്ങിയപ്പോള്‍ അഭിമാനമായിരുന്നു. പക്ഷേ ഇപ്പോള്‍ അത് കാടുമൂടി കിടക്കുകയാണ്. അത് എന്റെ പേരിന് ലഭിക്കാവുന്ന ഏറ്റവും വലിയ കളങ്കമാണ് -ശ്രീജേഷ് പറഞ്ഞു.
2014ൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീം ജയിച്ചപ്പോൾ ശ്രീജേഷിന് കുന്നത്തുനാട് പഞ്ചായത്ത് സ്വീകരണം ഒരുക്കിയിരുന്നു. അന്നത്തെ സ്പോർട്സ് മന്ത്രി ശ്രീജേഷിന്റെ പേരിൽ സ്റ്റേഡിയം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അന്ന് സ്റ്റേഡിയത്തിനുള്ള അനുയോജ്യമായ സ്ഥലം അന്വോഷിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടർന്നാണ് പള്ളിക്കര സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വോളിബാൾ പരിശീനം നടക്കുന്ന പള്ളിക്കര മൈതാനം തെരഞ്ഞെടുത്തത്. പഞ്ചായത്ത്, എം.എൽ.എ, ബി.പി.സി.എൽ കൊച്ചിൻ റിഫൈനറി എന്നിവയുടെ സംയുക്ത ഫണ്ടാണ് ഇതിന് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ നിർമ്മാണം ആരംഭിച്ച് പാതിവഴിയിൽ എത്തിയതോടെ നിലക്കുകയായിരുന്നു. ഇതോടെ സ്റ്റേഡിയത്തിനായി കെട്ടിയ തൂണുകൾ തുരുമ്പെടുക്കുകയും ചുറ്റും കാട് കയറി കിടക്കുകയുമാണ്.
ഒളിമ്പിക്സ് മത്സരം കഴിഞ്ഞ് നാട്ടിൽ നൽകിയ സ്വീകരണത്തിൽ കിഴക്കമ്പലം പഞ്ചായത്തിന് കീഴിലുണ്ടായിരുന്ന മാർക്കറ്റ് വർഷങ്ങളായി പൊളിച്ചിട്ടിരിക്കുകയാണന്നും ഈ സ്ഥലം പഞ്ചായത്ത് വിട്ടുനൽകിയാൽ ശ്രീജേഷിന്റെ പേരിൽ ടർഫ് നിർമ്മിക്കാമെന്നും അതിനായി മൂന്ന് കോടി രൂപ അനുവദിക്കാമെന്നും പി.വി. ശ്രീനിജൻ എം.എൽ.എ പറഞ്ഞിരുന്നു. എന്നാൽ, ഈ സ്ഥലത്ത് ഷോപ്പിങ് കോപ്ലക്സ് ഉൾപ്പെടെ നിർമ്മിക്കുന്നതിന് ജില്ല പ്ലാനിങ് കമ്മറ്റി അനുവാദം നൽകിയതാണന്നും ഇതേ തുടർന്ന് പഞ്ചായത്ത് 17 കോടി രൂപ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടന്നും സംസ്ഥാന ബോർഡിന്റെ അനുമതി ലഭിച്ചാൽ ഉടൻ ടെൻഡർ നടപടികൾ പൂർത്തികരിച്ച് നിർമ്മാണം ആരംഭിക്കുമെന്നും കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.