ഇന്ത്യയും കേരളവും ഈ ചായക്കടയിൽ ചർച്ചയാണ്
text_fieldsപള്ളിക്കര: നേരം പുലർന്നാൽ ചായക്കടയിൽ ചർച്ച സജീവമാണ്. കേരളത്തിൽ ഏത് മുന്നണിക്ക് ഭൂരിപക്ഷം കിട്ടും? കോൺഗ്രസുകാർ ജയിച്ചാൽ നാളത്തെ ബി.ജെ.പിയാണെന്ന് ഒരു കൂട്ടർ, എൽ.ഡി.എഫുകാർ പോകില്ലെന്ന് എന്താണ് ഉറപ്പെന്ന് മറുചോദ്യം. പശ്ചിമ ബംഗാളിലും ത്രിപുരയിലുമുള്ളവർ ഇന്ന് എവിടെയാണ്? കെ.പി.സി.സി പ്രസിഡൻറ് വരെയുള്ള നേതാക്കൾ യു.ഡി.എഫിൽ നിൽക്കുമോയെന്ന് ചോദിച്ചവർക്ക് പിണറായി നിൽക്കുമെന്ന് എന്താണ് ഉറപ്പ് എന്ന് മറുചോദ്യം.
കുന്നത്തുനാട് പഞ്ചായത്തിലെ മനക്കേകരയിലെ ചെറിയ ചായക്കടയിലാണ് ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം. വിലക്കയറ്റം മുതൽ എൻ.ഡി.എ മുന്നണിക്ക് എത്ര സീറ്റ് കിട്ടുമെന്നത് വരെ ഇവിടെ ചൂട് പിടിക്കുന്ന വിഷയങ്ങളാണ്. തൊഴിലില്ലായ്മ, നോട്ട് നിരോധനം, ബാബരി മസ്ജിദ്, സി.എ.എ, എൻ.ആർ.സി, അന്വേഷണ ഏജൻസികളുടെ നിലപാട്, അഴിമതി തുടങ്ങിയ കേന്ദ്ര-സംസ്ഥാന സർക്കാറുകളെ കുറിച്ചുള്ള വിലയിരുത്തൽ വരെയും സജീവ ചർച്ചയാകാറുണ്ട്.
രാവിലെ അഞ്ചിന് തുറക്കുന്ന ചായക്കടയിൽ 6.30 ഓടെ ചർച്ച ചൂടുപിടിച്ചുതുടങ്ങും. പരിസരവാസികളും സമീപപ്രദേശങ്ങളിലുള്ളവരും ഇവിടെ ചായ കുടിക്കാനെത്തും. പലരും രസകരമായ ചർച്ച കേൾക്കാനാണ് എത്തുന്നത്. ചർച്ച കത്തിക്കയറുമ്പോൾ അടുത്ത നിമിഷം അടി പൊട്ടുമോ എന്നുവരെ കണ്ട് നിൽക്കുന്നവർക്ക് തോന്നിപ്പോകും. പക്ഷേ, ചർച്ച കഴിഞ്ഞ് എല്ലാവരും സൗഹൃദത്തോടെയാകും മടങ്ങുക. ഇതിനിടയിൽ പലരും രണ്ടും മൂന്നും ചായ കുടിക്കും.
വർഷങ്ങൾക്ക് മുമ്പ് പെരുമാമറ്റം ഇബ്രാഹിം തുടങ്ങിയ ചായക്കട 30 വർഷം നടത്തി. അദ്ദേഹത്തിന്റെ മരണശേഷം മരുമകൻ ഇബ്രാഹിമും പിന്നീട് അദ്ദേഹത്തിന്റെ മകൻ അഷ്റഫും ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ അഷ്റഫിന്റെ മരുമകനും കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.