ഗതാഗതതടസ്സം ഒഴിവാക്കാൻ ഇൻഫോപാർക്ക് കിഴക്കേ കവാടം തുറക്കണമെന്ന ആവശ്യം ശക്തം
text_fieldsപള്ളിക്കര: ഇൻഫോപാർക്ക് ഫേസ് രണ്ടിലേക്കുള്ള കിഴക്കേ കവാടം തുറന്ന് ഗതാഗതതടസ്സം ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ഉന്നയിച്ച് തദ്ദേശവാസികൾ മുഖ്യമന്ത്രിക്കും എം.എൽ.എ, എം.പി തുടങ്ങിയ ജനപ്രതിനിധികൾക്കും പരാതി നൽകിയിട്ടുണ്ട്. നേരത്തേ നാട്ടുകാർ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും പരാതി നൽകിയിരുന്നു. പിണർമുണ്ട-ബ്രഹ്മപുരം റോഡിലെ ഫേസ് രണ്ടിലെ കിഴക്കുവശത്തെ ഗേറ്റുമായി ബന്ധിപ്പിക്കുന്ന 12 മീ. വഴിയാണ് റവന്യൂ വകുപ്പ് ഇൻഫോപാർക്കിന് വിട്ടുനൽകേണ്ടത്. ഇൻഫോപാർക്ക് ഫേസ് രണ്ടിലേക്ക് ജോലിക്കായി പോകുന്നവർക്കും അടുത്തുള്ള സ്കൂളിലെ വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്ന റോഡാണിത്. കൂടാതെ ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്ന് എത്തുന്നവർക്കും ഇത് വലിയ പ്രയോജനകരമാണ്. ഇപ്പോൾ ഈ മേഖലയിലുള്ളവർ മൂന്ന് കി.മീ. കറങ്ങിവേണം സ്കൂളിലും മറ്റും എത്താൻ. ഇപ്പോൾ ഈ പ്രദേശം കാടുപിടിച്ച് കിടക്കുകയാണ്. കാട്ടിലൂടെയാണ് ആളുകൾ നടന്നുപോകുന്നത്.
റോഡ് നിർമാണത്തിനാവശ്യമായ 22 സെന്റ് സ്ഥലം കുന്നത്തുനാട് പഞ്ചായത്തിന്റെ പുറമ്പോക്ക് ഭൂമിയിൽപെടുന്നതാണ്. 2009 നവംബർ 10ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി ഈ സ്ഥലം റോഡ് നിർമാണത്തിനും ഇൻഫോപാർക്ക് കിഴക്കേ കവാടം നിർമിക്കാനും വിട്ടുനൽകാൻ എതിർപ്പില്ലെന്ന് സർക്കാറിനെ അറിയിച്ചിട്ടുണ്ട്. റോഡ് തുറന്നാൽ പിണർമുണ്ട, പെരിങ്ങാല മേഖലകളിൽ വികസനസാധ്യത വർധിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.