പള്ളിക്കര ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsപള്ളിക്കര: രാവിലെയും വൈകീട്ടും പള്ളിക്കര ജങ്ഷനിൽ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു. കിഴക്കമ്പലം കാക്കനാട് ഭാഗത്തുനിന്ന് വരുന്ന ബസുകൾ ചേർത്ത് നിർത്തുന്നത് മൂലം പിന്നാലെ വാഹനങ്ങളുടെ വലിയ നിരയാണ് രൂപപ്പെടുന്നത്. കാക്കനാട് ഭാഗത്തേക്ക് തിരിയേണ്ട വാഹനങ്ങളും കൂടി വരുമ്പോൾ ജങ്ഷനിൽ വലിയ തിരക്കാകും.
കിഴക്കമ്പലം ഭാഗത്തേക്കുള്ള ബസുകൾ കുറച്ചു നീക്കി പഞ്ചായത്തിനു മുൻവശത്തേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകേണ്ടവ കുറച്ചു മുന്നോട്ടു നീക്കിയും യാത്രക്കാരെ കയറ്റുകയാണെങ്കിൽ തിരക്ക് ഒരു പരിധി വരെ കുറക്കാം. പലഭാഗത്തും അനധികൃത പാർക്കിങ് വ്യാപകമാണ്. പള്ളിക്കര പഞ്ചായത്ത് ജങ്ഷന് സമീപം ചെറുതും വലിയതുമായ വാഹനങ്ങൾ റോഡരിലാണ് മിക്കവരും പാർക്ക് ചെയ്യുന്നത്.
ഇത് മാർക്കറ്റ് ഗ്രൗണ്ടിലേക്ക് മാറ്റി പാർക്ക് ചെയ്താൽ കുരുക്കിന് ചെറിയ പരിഹാരമാകും. പള്ളിക്കര ജങ്ഷനിൽ കൈയേറ്റവും വ്യാപകമാണന്ന് ആക്ഷേപമുണ്ട്. സഹകരണ സ്ഥാപനങ്ങൾ ഉൾപ്പെടെ റോഡിലേക്ക് ഇറക്കി നിർമിച്ചതായാണ് ആക്ഷേപം. ബസ് കാത്ത് നിൽക്കുന്നവർ റോഡിലോ കടകളുടെ വരാന്തയിലോ നിൽക്കേണ്ട അവസ്ഥയാണ്.
പള്ളിക്കരയിലെ യാത്രാക്ലേശം പരിഹരിക്കാൻ കാക്കനാട് വരെയുള്ള സിറ്റി സർവിസുകളിൽ ചിലത് പള്ളിക്കര വരെ നീട്ടണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. 20 മിനിറ്റ് ബസിൽ യാത്ര ചെയ്താൽ പള്ളിക്കരയിലെത്താം. നിലവിൽ കാക്കനാട് എത്തുന്ന ബസുകൾക്ക് കൂടുതൽ വെയറ്റിങ് സമയം ഉണ്ട്. ഇത് ഇൻഫോപാർക്കിലേക്ക് എത്തുന്നവർക്ക് സഹായകമാകും.
വേണം സ്റ്റാൻഡ്
പള്ളിക്കരയിൽ ബസ്റ്റാൻഡ് വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമില്ല. ആവശ്യമായ സ്ഥലം ഉണ്ടങ്കിലും നിർമാണത്തിന് നടപടി ഇല്ലന്നാണ് ആക്ഷേപം. പഴയ മാർക്കറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലം ഇപ്പോൾ വാഹനങ്ങളുടെ അനധികൃത പാർക്കിങ് കേന്ദ്രമാണ്. കൂടാതെ മാർക്കറ്റിന്റെ സ്ഥലത്താണ് ഹോക്കി താരം ശ്രീജേഷിന്റെ പേരിൽ സ്റ്റേഡിയം നിർമിക്കുന്നത്. ഇതും പാതിവഴിയിൽ വർഷങ്ങളായി മുടങ്ങി കിടക്കുകയാണ്.
കൈയേറ്റം ഒഴിപ്പിക്കണം
പള്ളിക്കര അച്ചപ്പൻകവല മുതൽ പാടത്തിക്കര വരെ റോഡിന് ഇരു വശങ്ങളിലുമുള്ള കയ്യേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
റോഡിന്റെ പല ഭാഗത്തും കൈയേറ്റമാണന്നാണ് ആരോപണം. കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാർക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. പള്ളിക്കര മാർക്കറ്റ് ജങ്ഷനിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ല. മുൻ എം.എൽ.എയുടെ വികസനഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചതാണ് ലൈറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.