അപകടക്കെണിയൊരുക്കി പറവൂർ-അത്താണി റോഡ്
text_fieldsകുന്നുകര: ജൽ ജീവൻ പദ്ധതിയുടെ പൈപ്പിടുന്നതിന് കുത്തിപ്പൊളിച്ച പറവൂർ - അത്താണി റോഡ് അപകട ഭീഷണിയിൽ. മാസങ്ങളോളം കുണ്ടും, കുഴിയും, മൺകൂനകളും നിറഞ്ഞ റോഡിൽ കാന മൂടിയ ഭാഗത്ത് അലക്ഷ്യമായി മെറ്റൽ വിതറിയതോടെ യാത്രക്കാർ അപകടത്തിൽപ്പെടുന്നതായി ആക്ഷേപം. വീതി കുറഞ്ഞ കുപ്പി കഴുത്താകൃതിയിലായ റോഡിൽ പലയിടത്തും നിരന്തരം അപകടങ്ങളുണ്ടാകുന്നു. കൊടുങ്ങല്ലൂർ, തുരുത്തിപ്പുറം, മാള ഭാഗങ്ങളിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കെത്താനുള്ള എളുപ്പ മാർഗവുമാണിത്.
യാത്രക്കാരുടെ തിരക്കും, ഇതുവഴി ഭാരവാഹനങ്ങളുടെ വരവും വർധിച്ചതോടെ അപകട സാധ്യതയും കൂടുതലാണ്. ജൽ ജീവൻ പദ്ധതിക്കായി പൈപ്പിടൽ പൂർത്തിയാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ടാറിങ് ജോലി ആരംഭിക്കാത്തതിനാൽ കാൽനട യാത്രികർ പോലും ദുരിതത്തിലാണ്. അതിവേഗം സഞ്ചരിക്കുന്ന വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ മെറ്റൽ ചീളുകൾ തെറിച്ച് കാൽനടക്കാരും സമീപവാസികളും കച്ചവട സ്ഥാപനങ്ങളിലുള്ളവരും അപകടത്തിൽപ്പെടുന്നതായി പരാതിയുണ്ട്.
ഇരുചക്രവാഹന യാത്രികരും രാപ്പകൽ ഭേദമന്യേ ദുരിതം നേരിടുന്നുണ്ട്. തടിക്കക്കടവ് ഭാഗത്ത് നിന്ന് പ്രധാന റോഡിൽ പ്രവേശിക്കുന്ന വാഹനങ്ങളും അനിയന്ത്രിത സംവിധാനം മൂലം അപകടത്തിൽപ്പെടുന്നതും പതിവാണ്. അടുത്തിടെ ടാറിങ് പൂർത്തിയാക്കിയ റോഡാണ് ജലജീവൻ പദ്ധതിയുടെ പേരിൽ നരകതുല്യ അവസ്ഥയിലായിരിക്കുന്നതെന്നാണാക്ഷേപം. നിത്യവും അപകടങ്ങൾ അരങ്ങേറിയിട്ടും അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന മട്ടിലാണത്രെ അധികാരികൾ. യാത്രക്കാരുടെ ജീവൻ പന്താടുന്ന റോഡിലെ അശാസ്ത്രീയതക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. പലരും നിയമ നടപടികൾക്കും, പ്രത്യക്ഷ സമരപരിപാടികൾക്കും ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.