ചുവപ്പുകൊടി കിട്ടിയിട്ട് ഒന്നരവർഷം; 'പാസഞ്ചർ' ഓട്ടം ഇന്നും ലോക്ഡൗൺ ട്രാക്കിൽ
text_fieldsകൊച്ചി: കരയിലും വെള്ളത്തിലും വായുവിലുമുള്ള സകല ഗതാഗത സംവിധാനങ്ങളും ലോക്ഡൗണിനു ശേഷം പുനരാരംഭിച്ചെങ്കിലും പാസഞ്ചർ ട്രെയിൻ യാത്രക്കാരോടുമുള്ള റെയിൽവേയുടെ കടുംപിടിത്തത്തിനു മാത്രം അയവില്ല.
കോവിഡ് ലോക്ഡൗണിനെ തുടർന്ന് 2020 മാർച്ച് 24 മുതൽ നിർത്തിവെച്ച സർവിസുകളധികവും പിന്നീട് പുനരാരംഭിച്ചപ്പോൾ പാസഞ്ചർ, മെമു സർവിസുകൾ, സീസൺ ടിക്കറ്റ്, കൗണ്ടറിൽനിന്ന് ടിക്കറ്റെടുക്കൽ, അൺറിസർവഡ് കോച്ച് തുടങ്ങി സാധാരണക്കാരും നിത്യയാത്രികരും ഏറെ ആശ്രയിക്കുന്ന സേവനങ്ങൾ ഇന്നും പുനരാരംഭിച്ചിട്ടില്ല.
ചിലയിടങ്ങളിൽ നാമമാത്രമായി മെമു സർവിസ് പുനരാരംഭിച്ചെങ്കിലും ജോലി സ്ഥലങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് സൗകര്യപ്രദമായ സമയക്രമത്തിലല്ല ഇവയിൽ പലതും ഓടുന്നത്. മാത്രവുമല്ല, മെമു ട്രെയിനുകളിൽ ഈടാക്കുന്നത് എക്സ്പ്രസ് ട്രെയിനിെൻറ നിരക്കാണ്. കോവിഡിനു പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു വീണ നിത്യവൃത്തിക്കാരായ യാത്രക്കാരാണ് ഇതുമൂലം ദുരിത ഓട്ടമോടുന്നത്. മെമു സ്പെഷൽ അനുവദിച്ചപ്പോൾ ഹാൾട്ട് സ്റ്റേഷനുകൾ പൂർണമായും അവഗണിക്കപ്പെട്ടു.
പാസഞ്ചർ ട്രെയിനുകൾ മാത്രം ഓടുന്ന റൂട്ടുകളിലുള്ള യാത്രക്കാരും വലിയ പ്രയാസത്തിലാണ്. ട്രെയിനില്ലാത്തതിനെ തുടർന്ന് ഏറെ നേരം ബസിലിരുന്നും വൻതുക ടിക്കറ്റ് നിരക്കായി നൽകിയും വേണം ലക്ഷ്യസ്ഥാനത്തെത്താൻ. നിത്യേന ജോലി സ്ഥലത്തേക്കു പോകുന്നവരാണ് ഇതുമൂലം പെട്ടുപോയത്.
ട്രെയിൻ സർവിസ് നിർത്തിവെച്ചതിനൊപ്പം തന്നെ സീസൺ ടിക്കറ്റ് സംവിധാനവും നിർത്തിവെച്ചിരുന്നു. ചുരുങ്ങിയ ചെലവിൽ എല്ലാ ദിവസവും യാത്ര ചെയ്യാനുള്ള സൗകര്യം നിർത്തിയതോടെ നിത്യേന റിസർവേഷൻ നിരക്കു നൽകി യാത്ര ചെയ്യുകയാണ് എല്ലാവരും. തൊഴിൽ പ്രതിസന്ധിയും ശമ്പള പ്രതിസന്ധിയും അലട്ടുന്നതിനിടക്ക് ഭീമമായ തുക മാസംതോറും ട്രെയിൻ യാത്രക്കായി മാത്രം മുടക്കേണ്ടി വരുന്നതും സാമ്പത്തിക പ്രയാസം ഇരട്ടിയാക്കുന്നുണ്ടെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ജെ. ലിയോൺസ് പറഞ്ഞു.
ട്രെയിൻ യാത്രക്കാരുടെ സംഘടനകളും മറ്റും പലതവണ വിഷയത്തിൽ അധികൃതർക്ക് പരാതി നൽകിയിട്ടും പ്രതിഷേധം നടത്തിയിട്ടും ട്രെയിൻ സർവിസ് പൂർണമായും പഴയതോതിലാക്കാനുള്ള നടപടിയൊന്നുമുണ്ടായിട്ടില്ല. ഇതേതുടർന്ന് വിവിധ ആവശ്യങ്ങളുന്നയിച്ച് ജനപ്രതിനിധികൾക്ക് ഫ്രണ്ട്സ് ഓൺ റെയിൽസിെൻറ നേതൃത്വത്തിൽ വീണ്ടും നിവേദനം നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.