പെരുമ്പടപ്പിലും ഇടക്കൊച്ചിയിലും കുടിനീരിന് നെട്ടോട്ടം
text_fieldsപള്ളുരുത്തി: പള്ളുരുത്തിയുടെ തെക്കൻ മേഖലകളിൽ കുടിനീർക്ഷാമം രൂക്ഷമായി. ഇടക്കൊച്ചി, പെരുമ്പടപ്പ്, കോണം പ്രദേശങ്ങളിൽ ജലഅതോറിറ്റിയുടെ കുടിവെള്ളം പൈപ്പിലൂടെ എത്തുന്നുണ്ടെങ്കിലും ഉപ്പുകലർന്ന, നിറം മാറിയ മലിനജലമാണെന്നാണ് നാട്ടുകാരുടെ പരാതി.
പെരുമ്പടപ്പ് വി.എൻ. പുരുഷൻ റോഡിനും ശ്രീനാരായണ റോഡിനും മധ്യേയുള്ള പ്രദേശത്ത് മലിനജലം കിട്ടിയതിനെതിരെ നേരേത്ത വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോൾ പെരുമ്പടപ്പ് പ്രദേശത്ത് ഏതാണ്ട് പൂർണമായും ഉപ്പുകലർന്ന മലിനജലമാണ് ലഭിക്കുന്നത്. പെരുമ്പടപ്പിലേക്ക് വരുന്ന മിക്കവാറും കുടിവെള്ള പൈപ്പുകൾ കാനകളിലൂടെയും അഴുക്കുചാലുകളിലൂടെയുമാണ് കടന്നുപോകുന്നത്.
പ്രധാന പൈപ്പുകളിലെ തകർച്ചയാകാം ശുദ്ധജല പൈപ്പിൽ മലിനജലം കലരാൻ ഇടയാകുന്നതെന്നാണ് വിലയിരുത്തുന്നത്. ഇടക്കൊച്ചി കണ്ണങ്ങാട്ട് മേഖല, കാനോസ നഗർ, പരുത്തി തറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഉപ്പുകലർന്ന കട്ടിയുള്ള വെള്ളമാണ് ലഭിക്കുന്നത്. കായലോര മേഖലകളിലാണ് ഇപ്പോൾ ശുദ്ധജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നത്. ടാങ്കറുകളിൽ എത്തുന്ന വെള്ളമാണ് നാട്ടുകാരുടെ നിലവിലെ ആശ്വാസം. തകർന്ന കുടിവെള്ള പൈപ്പുകൾ നന്നാക്കി ശുദ്ധജല വിതരണം സാധ്യമാക്കിയില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനാണ് പ്രദേശത്തെ വിവിധ സംഘടനകളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.