ജനം പ്രതിഷേധിച്ചും പ്രകടനം നടത്തിയും സർക്കാറിന് നൽകുന്നത് കോടികൾ
text_fieldsകൊച്ചി: പൊതുപരിപാടികൾ സംഘടിപ്പിക്കപ്പെട്ടതിലൂടെ രണ്ട് വർഷത്തിനുള്ളിൽ സർക്കാറിന് ലഭിച്ചത് 3,94,99,509 രൂപ. പൊതുയോഗങ്ങൾക്കും ഉച്ചഭാഷിണി അനുമതിക്കുമായുള്ള ഫീസിനത്തിൽ ലഭിച്ച തുകയാണിത്. ഉച്ചഭാഷിണി ഉപയോഗത്തിന് 500 രൂപ മുതലാണ് ഈടാക്കുന്നത്.
പൊതുയോഗങ്ങൾ നടത്തുന്ന സ്ഥലത്തിന്റെയോ ഉടമസ്ഥന്റെയോ സ്ഥാപനങ്ങളുടെയോ അധികാരികളിൽനിന്നുള്ള സമ്മതപത്രവും പരിപാടികളെക്കുറിച്ച വിവരങ്ങൾ അടങ്ങിയ അപേക്ഷയും ജില്ല പൊലീസ് മേധാവികൾക്ക് നൽകിയാണ് അനുമതി നേടുന്നത്. ഹൈകോടതിയുടെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായാണ് സമ്മേളനത്തിനും പ്രചാരണ വാഹനങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതി നൽകുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ പൊതുയോഗങ്ങൾ നടത്തുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ അനുമതി ആവശ്യമാണ്. 2022 ജൂൺ 15ലെ സർക്കാർ ഉത്തരവ് പ്രകാരമുള്ള തുകയാണ് ഫീസായി വാഹന അനൗൺസ്മെന്റ്ിന് ചുമത്തുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ പൊതുയോഗം നടത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഭരണസമിതി തീരുമാനം അനുസരിച്ചുള്ള വാടകയും ഈടാക്കുന്നു. ഗതാഗതം തടസ്സപ്പെടുത്തിയുള്ള സമരങ്ങൾക്ക് സംഘാടകരിൽനിന്ന് ഈടാക്കുന്ന പിഴയുടെ കണക്ക് ഈ 3.9 കോടിയിൽ ഉൾപ്പെടില്ല.
പൊതുജന സേവനാർഥവും ബോധവത്കരണത്തിന്റെ ഭാഗമായും നടത്തുന്ന യോഗങ്ങൾക്ക് ഫീസിളവ് നൽകണമെന്ന ആവശ്യം സംഘടനകൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും വിഷയം പരിഗണനയിലില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.