പെരിയാർവാലി കനാലിൽനിന്ന് കിറ്റെക്സ് കമ്പനി അനധികൃതമായി ജലമൂറ്റുന്നതായി കണ്ടെത്തി
text_fieldsകിഴക്കമ്പലം: ചൂരക്കോട്ടിൽ പെരിയാർവാലി കനാലിൽനിന്ന് കിറ്റെക്സ് കമ്പനി അനധികൃതമായി ജലമൂറ്റുന്നതായി കണ്ടെത്തി. കിറ്റെക്സ് ഗാർമെന്റ്സിനുപിന്നിൽ പെരിയാർവാലി സബ്കനാൽ തുരന്ന് വലിയ പ്ലാസ്റ്റിക് പൈപ്പ് സ്ഥാപിച്ച് കമ്പനിയുടെ സ്ഥലത്തെ കുളത്തിലേക്ക് വെള്ളം ശേഖരിക്കുന്നതായാണ് കണ്ടെത്തിയത്.
തൈക്കാവ്, വിലങ്ങ് ഭാഗത്തേക്ക് കാർഷികാവശ്യങ്ങൾക്ക് വെള്ളമെത്തിക്കുന്ന സബ്കനാലാണിത്. ഇവിടേക്ക് വെള്ളമെത്തുന്നില്ലെന്ന് നേരത്തേതന്നെ വാർഡ് മെംബറോട് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കനാൽ ശുചീകരണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾ ഇറങ്ങിയപ്പോഴാണ് ജലമൂറ്റാൻ സ്ഥാപിച്ച പൈപ്പ് കണ്ടെത്തിയത്.
കനാലിൽ വെള്ളമെത്തിയപ്പോൾ താഴെ ഭാഗങ്ങളിലേക്ക് നീരൊഴുക്ക് കുറഞ്ഞതോടെ നാട്ടുകാർ അറിയിച്ചതനുസരിച്ച് പെരിയാർവാലി ഉദ്യോഗസ്ഥരും പി.വി. ശ്രീനിജിൻ എം.എൽ.എയും സ്ഥലത്തെത്തിയിരുന്നു. എം.എൽ.എ അറിയിച്ചതനുസരിച്ച് ജലവിഭവ മന്ത്രി ഇതുസംബന്ധിച്ച് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കമ്പനിയുടെ മാലിന്യ പ്ലാന്റിൽനിന്ന് മനുഷ്യവിസർജ്യമടക്കം കൊണ്ടുപോകുന്ന പൈപ്പ് ലൈനും കനാലിനുമുകളിലൂടെയാണ് കടന്നുപോകുന്നത്. കുളിക്കാനും കുടിക്കാനുമുപയോഗിക്കുന്ന വെള്ളത്തിനുമുകളിലൂടെ പോകുന്ന പൈപ്പ്ലൈൻ മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് പെരിയാർവാലി എ.ഇ പി.കെ. അനിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.