ക്രിമിനൽ കേസിൽ പ്രതിയെന്ന പേരിൽ അവയവമാറ്റത്തിന് അനുമതി നിേഷധിക്കാനാവില്ല –ഹൈകോടതി
text_fieldsകൊച്ചി: ക്രിമിനൽ കേസിൽ പ്രതിയാണെന്ന പേരിൽ അവയവ മാറ്റത്തിന് അനുമതി നിേഷധിക്കാനാവില്ലെന്ന് ഹൈകോടതി. മനുഷ്യശരീരത്തിൽ കുറ്റവാളിയായ വൃക്കയോ കരളോ ഹൃദയമോ ഇല്ല. ക്രിമിനൽ കേസിൽപെട്ട ആളുെടയും അല്ലാത്തവരുെടയും അവയവങ്ങൾ തമ്മിൽ വ്യത്യാസമില്ല. മനുഷ്യരക്തമാണ് എല്ലാവരുെടയും ശരീരത്തിലൂടെ ഒഴുകുന്നത്.
ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായ ആളുടെ വൃക്കദാനം ചെയ്യാൻ അനുമതി നിഷേധിച്ച എറണാകുളം ജില്ലതല ഓതറൈസേഷൻ കമ്മിറ്റിയുടെ തീരുമാനം റദ്ദാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണെൻറ നിരീക്ഷണം. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് അനുമതി തേടിയുള്ള അപേക്ഷ ഒരാഴ്ചക്കകം വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാനും ഇതിന് ചീഫ് സെക്രട്ടറി ഉത്തരവിടാനും കോടതി നിർദേശിച്ചു.
വൃക്ക മാറ്റിവെക്കാൻ അനുമതി നിഷേധിച്ചതിനെതിരെ കൊല്ലം നെടുമ്പന സ്വദേശി രാധാകൃഷ്ണ പിള്ളയും വൃക്കദാതാവായ തിരുവനന്തപുരം മുട്ടത്തറ സ്വദേശി ആർ. സജീവുമാണ് ഹരജി നൽകിയത്. വൃക്ക മാറ്റിവെക്കാൻ അനുമതി തേടി രാധാകൃഷ്ണപിള്ള മാർച്ച് 18ന് സമർപ്പിച്ച അപേക്ഷയിൽ ജില്ല സമിതി തീരുമാനമെടുത്തത് ജൂലൈ എട്ടിനാണ്. രാധാകൃഷ്ണ പിള്ളയുടെ ഡ്രൈവർകൂടിയായ സജീവ് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു കാണിച്ച് കമ്മിറ്റി അനുമതി നിഷേധിച്ചു.
അപേക്ഷയിൽ തീരുമാനമെടുക്കാൻ വൈകിയതിനെ വിമർശിച്ച സിംഗിൾ ബെഞ്ച് ഭാവിയിൽ ഇത് അനുവദിക്കാനാവില്ലെന്നും മുന്നറിയിപ്പ് നൽകി.
അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ മറവിൽ അവയവ വിൽപന തടയാനാണ് നിയമവും ചട്ടവുമുള്ളത്. ദാതാവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന പേരിൽ അപേക്ഷ നിരസിക്കുന്നത് യുക്തിസഹമല്ല. ഇതനുവദിച്ചാൽ കൊലപാതകിക്കോ കള്ളനോ പീഡനക്കേസിലെ പ്രതിക്കോ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയില്ല.
സാമാന്യ ബുദ്ധിയുള്ളവർ ഇതംഗീകരിക്കില്ല. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ജാതിയും മതവും ക്രിമിനൽ പശ്ചാത്തലവും കണക്കിലെടുക്കാതെ അവയവം ദാനം ചെയ്യാൻ തയാറായി മുന്നോട്ടുവരുന്നതാണ് ഭരണഘടനയുടെ സ്രഷ്ടാക്കൾ സ്വപ്നം കണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
വടക്കൻ മലബാറിലെ പരമ്പരാഗത കലാരൂപമായ പൊട്ടൻതെയ്യത്തിെൻറ തോറ്റംപാട്ടിലെ 'എെൻറ ശരീരം മുറിഞ്ഞാലും അങ്ങയുടെ ശരീരം മുറിഞ്ഞാലും രക്തമാണു വരുന്നതെന്നിരിക്കെ ജാതിയുടെ പേരിൽ എന്തിനാണ് വിവേചനം' എന്നർഥം വരുന്ന വരികൾ ഉത്തരവിൽ േചർത്തിട്ടുണ്ട്. അവയവദാനത്തിൽ കച്ചവടമില്ലെന്ന് ഉറപ്പാക്കിയാൽ പിന്നെ സാങ്കേതികതയല്ല, പ്രായോഗികതയാണ് നോക്കേണ്ടത്. അടിയന്തര സാഹചര്യങ്ങളിൽ ഒാതറൈസേഷൻ കമ്മിറ്റി ഉടൻ യോഗം ചേർന്ന് തീരുമാനമെടുക്കണം.
തീരുമാനം ഒരാഴ്ചയിലേറെ വൈകിയാൽ കാരണം വ്യക്തമാക്കണം. വിധിയുടെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് നൽകണമെന്നും ഒരുമാസത്തിനകം ചീഫ് സെക്രട്ടറി ഉത്തരവിറക്കി പകർപ്പ് ഹൈകോടതി രജിസ്ട്രാർ ജനറലിന് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.