വാഴക്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്
text_fieldsപെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്ത് എട്ടാംവാര്‍ഡ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു. വാര്‍ഡ് അംഗമായിരുന്ന സുബൈറുദ്ദീന് ചെന്താര മരണപ്പെട്ടതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ഏറ്റുമുട്ടുന്ന വാര്‍ഡ് 1995ല്‍ ഒഴികെ യു.ഡി.എഫിനൊപ്പമാണ്. സുബൈറുദ്ദീന് ചെന്താര 132 വോട്ട് ഭൂരിപക്ഷത്തിലാണ് ജയിച്ചത്. യു.ഡി.എഫിന്റെ ഷുക്കൂര്‍ പാലത്തിങ്കലും എല്‍.ഡി.എഫിന്റെ ടി.എസ്. അമ്പിയും ബി.ജെ.പിയുടെ അനീഷുമാണ് ജനവിധി തേടുന്നത്.
ഈ മാസം 30നാണ് തെരഞ്ഞെടുപ്പ്. 31ന് വോട്ടെണ്ണും. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും കൺവെന്‍ഷനുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു. യു.ഡി.എഫ് മത്സര രംഗത്തിറക്കിയിരിക്കുന്നത് വാര്‍ഡില്‍നിന്നുള്ള പ്രതിനിധിയെയാണ്. പുറമെനിന്നുള്ള വാര്‍ഡുകളിലുള്ളവരാണ് മറ്റ് രണ്ട് സ്ഥാനാര്‍ഥികളും. തെരഞ്ഞെടുപ്പ് യു.ഡി.എഫിന് നിര്‍ണായകമാണ്.
പഞ്ചായത്തിന്റെ ഭരണം യു.ഡി.എഫിന് കിട്ടിയെങ്കിലും പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായതിനാല്‍ ആ വിഭാഗത്തില്‍ യു.ഡി.എഫിന് പ്രതിനിധിയില്ലാത്തതുകൊണ്ട് എല്‍.ഡി.എഫ് അംഗമാണ് അധ്യക്ഷന്‍. നിലവില്‍ യു.ഡി.എഫ് 11, എല്‍.ഡി.എഫ് ഒമ്പത് എന്നിങ്ങനെയാണ് അംഗങ്ങള്‍.
ഇപ്പോള്‍ അധ്യക്ഷന്‍ എല്‍.ഡി.എഫ് പക്ഷത്താണെങ്കിലും തീരുമാനങ്ങളിലെ ഭൂരിപക്ഷം നിര്‍ണയിക്കുന്നത് യു.ഡി.എഫ് പക്ഷമാണ്. അതേസമയം, എല്‍.ഡി.എഫ് വാര്‍ഡ് പിടിച്ചെടുത്താല്‍ അംഗങ്ങളുടെ എണ്ണം തുല്യകണക്കിലേക്കാകും. ഇത് യു.ഡി.എഫിന് തിരിച്ചടിയാകും. പ്രശ്നം മുന്നില്‍ക്കണ്ട് പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരിക്കുകയാണ് യു.ഡി.എഫ്.
എന്നാല്‍, ഒരുസീറ്റുകൂടി ലഭിച്ചാല്‍ പഞ്ചായത്തിന്റെ ഭരണത്തിലേക്ക് അടുക്കാനാകുമെന്ന പ്രതീക്ഷയില്‍ എല്‍.ഡി.എഫും പ്രചാരണരംഗത്ത് ശക്തമായ പ്രവര്‍ത്തനത്തിലാണ്. ഒരംഗത്തിന്റെ കുറവില്‍ ഭരണം നഷ്ടപ്പെട്ടതിന്റെ ബുദ്ധിമുട്ട് പലപ്പോഴും നേരിട്ട അനുഭവം എല്‍.ഡി.എഫിനുണ്ട്. സെപ്റ്റംബറില്‍ പ്രസിഡന്റിനെതിരെ യു.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നതുൾപ്പെടെയുള്ള സംഭവങ്ങള്‍ എല്‍.ഡി.എഫ് നേരിടേണ്ടിവന്നു.ഈ സാഹചര്യം ഇനിയും മുന്നില്‍കണ്ട് വാര്‍ഡ് പിടിക്കണമെന്ന നിര്‍ദേശം മേല്ഘടകങ്ങള് എല്‍.ഡി.എഫിലെ പ്രാദേശിക നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.